രണ്ടു ദിവസങ്ങളിലായി കതാറയില്‍ 43 പരിപാടികള്‍

Posted on: December 14, 2015 7:25 pm | Last updated: December 14, 2015 at 7:25 pm

Kataraദോഹ: ദേശീയ ദിനാഘോഷത്തിന്റ ഭാഗമായി കതാറ കള്‍ചറല്‍ വില്ലേജില്‍ രണ്ടു ദിവസങ്ങളിലായി 43 സാംസ്‌കാരിക, വിനോദ പരിപാടികള്‍ നടക്കും. ഡിസംബര്‍ 18നും 19നുമായി വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, മന്ത്രാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് കതാറ ജനറല്‍ മാനേജര്‍ ഡോ. അഹ്മദ് ബിന്‍ ഇബ്‌റാഹീം അല്‍ സുലൈത്തി, സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ തമീമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത ഖത്വരി ഗായകന്‍ മുഹമ്മദ് അല്‍ സായിയെ ആഘോഷ പരിപാടിയില്‍ വെച്ച് ആദരിക്കും. ഖത്വരി ദേശഭക്തിഗാനമായ ‘എന്റെ പ്രിയപ്പെട്ട ഖത്വര്‍’ എന്ന ഗാനം ആദ്യമായി ആലപിച്ചതിലൂടെ ശ്രദ്ധേയനായ ഗായകനാണ് ഇദ്ദേഹം. സംഗീതജ്ഞന്‍ അബ്ദുല്‍ അസീസ് നാസര്‍ അല്‍ ഉബൈദാന്‍, രചയിതാവ് അബ്ദുല്ല അല്‍ ഹമ്മാദി എന്നിവരെയും ഈ മാസം 18ന് കതാറ ആംഫി തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും. ദേശീയ ദിനനാഘോഷത്തോടനുബന്ധിച്ച് കതാറയില്‍ വര്‍ക്ക്‌ഷോപ്പുകളും പ്രദര്‍ശനങ്ങളും ആരംഭിച്ചതായി സുലൈത്തി അറിയിച്ചു.
18ന് ഉച്ചക്ക് ഒന്നു മുതല്‍ രാത്രി പത്തു വരെയും 19ന് രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയുമാണ് പരിപാടികള്‍ നടക്കുക. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍നിന്നായി കതാറയില്‍ വന്‍ ജനാവലിയെയാണ് പരിപാടികള്‍ ആസ്വദിക്കുന്നതിന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.