നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Posted on: December 14, 2015 10:12 am | Last updated: December 14, 2015 at 3:01 pm

niyamasabha_3_3തിരുവനന്തപുരം: നിമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. വി ശിവന്‍കുട്ടി, കെ കെ ലതിക, വി എസ് സുനില്‍കുമാര്‍, ടി വി രാജേഷ്, ജെയിംസ് മാത്യു തുടങ്ങിയ എംഎല്‍മാരാണ് ഡയസില്‍ കയറിയത്.

സോളാര്‍ കമീഷനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. മന്ത്രിയുടെ പ്രസ്താവനയിലൂടെ കമീഷനെ പരസ്യമായി ശാസിക്കുകയാണ് ചെയ്തത്. സോളാര്‍ കമീഷനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സോളാര്‍ വിഷയം സഭ നിരവധി തവണ ചര്‍ച്ച ചെയ്തതാണെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഡയസില്‍ കയറിയ പ്രതിപക്ഷാംഗങ്ങളും സ്പീക്കറും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇതോടെ സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഇതിനുശേഷം പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. സ്പീക്കര്‍ സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിഷേധം അവസാനിപ്പിച്ച ശേഷം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കാതിരുന്നത് അസാധാരണ നടപടിയാണ്. കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ് കമ്മിറ്റിയെ കൈകാര്യം ചെയ്യുന്നപോലെ മുഖ്യമന്ത്രി സഭയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നെന്നും വി എസ് പറഞ്ഞു.