റിപ്പബ്ലിക്ക് ദിന ചടങ്ങ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി സൈനികര്‍

Posted on: December 13, 2015 11:40 pm | Last updated: December 13, 2015 at 11:40 pm

0a1ad70a_2655731fന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിരമിച്ച സൈനികര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കറിന് 15 ദിവസത്തെ സമയം നല്‍കുകയാണെന്നും ഇതിനകം പരിഹാരമായില്ലെങ്കില്‍ റിപ്പബ്ലിക്ക് ദിന ചടങ്ങ് ബഹിഷ്‌കരിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സമരം ചെയ്യുന്ന സൈനികര്‍ വ്യക്തമാക്കി.
‘സര്‍ക്കാറിന് മതിയായ സമയം നല്‍കിയിട്ടുണ്ട്. ഇതിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ റിപ്പബ്ലിക്ക് ദിന ചടങ്ങ് ബഹിഷ്‌കരിക്കും. രാജ്പഥിലെ മാര്‍ച്ചില്‍ പങ്കെടുക്കുന്ന എക്‌സ്- സര്‍വീസ്‌മെന്‍ കണ്ടിജന്റിനോട് അതില്‍ പങ്കെടുക്കരുതെന്ന് നിഷ്‌കര്‍ഷിക്കു’മെന്നും ഇന്ത്യന്‍ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് മേധാവി മേജര്‍ ജനറല്‍ സത്ബീര്‍ സിംഗ് പറഞ്ഞുതങ്ങളുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗിനെ ചുമതലപ്പെടുത്തിയതായി ഈ മാസം തുടക്കത്തില്‍ സമരക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്.
ഈ സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ സമരപരിപാടികളിലേക്ക് പോകേണ്ടി വരുന്നതെന്നും സത്ബീര്‍ സിംഗ് പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് നവംബര്‍ ഏഴിന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അടിസ്ഥാനപരമായ വൈകല്യങ്ങള്‍ നിറഞ്ഞതാണെന്നും പെന്‍ഷന്‍ പദ്ധതിയുടെ അന്തസ്സത്തക്ക് യോജിക്കാത്തതാണെന്നും മീവ്‌മെന്റിന്റെ മാധ്യമ ഉപദേഷ്ടാവ് കേണല്‍ അനില്‍ കൗള്‍ പറഞ്ഞു. വിജ്ഞാപനത്തിലെ ഏഴ് പ്രശ്‌നങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.