Connect with us

International

പാക്കിസ്ഥാനില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്‌ഫോടനം: 27 മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ ശിയാ ഭൂരിപക്ഷ പ്രദേശത്ത് തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 70ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗോത്ര ജില്ലയായ കുറാമിന്റെ തലസ്ഥാനമായ പരചിനാറിലെ ഈദ്ഗാഹ് സണ്‍ഡേ മാര്‍ക്കറ്റിലാണ് സ്‌ഫോടനം. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സുന്നികളും ശിയാ വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നയിടമാണിത്. 2004 മുതല്‍ പാക്കിസ്ഥാന്‍ സായുധ സംഘങ്ങളുമായി ഏറ്റുമുട്ടുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ പതിനായിരക്കണക്കിന് സാധാരണക്കാരും സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ പാക് സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം സംഘര്‍ഷങ്ങള്‍ക്ക് കുറവുണ്ടായിരുന്നു. പാക് സൈന്യം സായുധ സംഘങ്ങളുടെ നീക്കവും, ആശയവിനിമയവും, ധനമാര്‍ഗവും തടസ്സപ്പെടുത്തിയിരുന്നു. ശിയാ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെയും സൈന്യം അടിച്ചമര്‍ത്തിയിരുന്നു.

Latest