ദേശീയ പ്രമേഹ കേന്ദ്രങ്ങളിലെത്തുന്നത് മാസം മൂവായിരത്തിലേറെ പേര്‍

Posted on: December 13, 2015 6:46 pm | Last updated: December 13, 2015 at 6:46 pm

diabeticദോഹ: ഹമദ് ജനറല്‍ ഹോസ്പിറ്റലിലും അല്‍ വഖ്‌റ ഹോസ്പിറ്റലിലുമുള്ള ദേശീയ പ്രമേഹ കേന്ദ്രങ്ങളില്‍ പ്രതിമാസം മൂവായിരത്തിലേറെ പേര്‍ ചികിത്സക്കെത്തുന്നതായി എച്ച് എം സി ഇന്റേണല്‍ മെഡിസിന്‍ വകുപ്പ് ചെയര്‍മാന്‍ പ്രൊഫ.അബ്ദുല്‍ ബാദി അബൂ സംറ. ദേശീയ പ്രമേഹ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് അത്യാധുനിക ചികിത്സയാണ് നല്‍കുന്നത്. വിവിധ മേഖലകളിലെ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. രോഗിയെ മാത്രം കേന്ദ്രീകരിച്ചുള്ള രീതിയാണ് അവലംബിക്കുന്നത്.
ഹമദ് ജനറല്‍ ആശുപത്രിയിലെ ദേശീയ പ്രമേഹ കേന്ദ്രത്തില്‍ പ്രതിമാസം രണ്ടായിരത്തോളം മുതിര്‍ന്നവരും 700 കുട്ടികളും എത്തുന്നു. അല്‍ വഖ്‌റ ആശുപത്രിയില്‍ പ്രതിമാസം 400 പ്രമേഹരോഗികള്‍ ചികിത്സക്കെത്തുന്നുണ്ട്. പാദസംരക്ഷണം, കൗണ്‍സലിംഗ്, ബോധവത്കരണം, യോജിച്ച രക്തം കണ്ടുപിടിക്കുക, ഇന്‍സുലിന്‍ തുടങ്ങിയവയാണ് കേന്ദ്രങ്ങളിലെ പ്രത്യേകത. പ്രമേഹ രോഗികള്‍ക്ക് ഹമദില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ മാറ്റാന്‍ സാധിച്ചിട്ടുണ്ട്. രോഗികള്‍ക്ക് പൂര്‍ണ തൃപ്തിയും രോഗാവസ്ഥയില്‍ പുരോഗമനവും ഉണ്ടായിട്ടുണ്ട്. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ പുതിയ ദേശീയ പ്രമേഹനിവാരണ കര്‍മപദ്ധതിയില്‍ ഇത്തരം ദേശീയ പ്രമേഹ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശിപാര്‍ശയുണ്ട്. ഖത്വര്‍ ജനസംഖ്യയില്‍ 17 ശതമാനം പേര്‍ പ്രമേഹരോഗികളാണ്. 11 ശതമാനം പേര്‍ പ്രമേഹ രോഗത്തിന്റെ പ്രവേശന ഘട്ടത്തിലുമാണ്. മൂന്നിലൊരാള്‍ക്കും താന്‍ പ്രമേഹരോഗിയാണെന്ന് അറിയാത്ത പ്രശ്‌നവുമുണ്ട്. ബോധവത്കരണമാണ് ഇതിന് ശരിയായ മാര്‍ഗം. ജീവിതശൈലിയില്‍ ചെറിയൊരു ശ്രദ്ധ വെച്ചാല്‍ പ്രമേഹത്തില്‍ നിന്ന് രക്ഷപ്രാപിക്കാമെന്നും അദ്ദേഹം പറഞ്ഞു.