ഫോണ്‍ നമ്പറുകള്‍ക്ക് ലേലത്തില്‍ ലഭിച്ചത് 41 ലക്ഷം ഖത്വര്‍ റിയാല്‍

Posted on: December 13, 2015 6:41 pm | Last updated: December 13, 2015 at 6:41 pm

Ooredoo-Charity-Auction-20151-336x240ദോഹ: ഉരീദുവിന്റെ 25 ഫാന്‍സി ഫോണ്‍ നമ്പറുകള്‍ ലേലത്തില്‍ പോയത് 41 ലക്ഷം ഖത്വര്‍ റിയാലിന്. കഴിഞ്ഞയാഴ്ച ദുരിതാശ്വാസ നിധി ആവശ്യത്തിനാണ് ഉരീദു ലേലം നടത്തിയത്. എളുപ്പം ഓര്‍മിക്കാന്‍ സാധിക്കുന്ന നമ്പറുകളാണ് ലേലത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയായതിനാല്‍ പലരും ലേലത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു.
37 നമ്പറുകള്‍ ലേലത്തില്‍ വെച്ചിരുന്നു. ഒരു മണിക്കൂര്‍നീണ്ടുനിന്ന ലേലത്തില്‍ 25 നമ്പറുകള്‍ പോയി. ഏഴ്, അഞ്ച്, പൂജ്യം അക്കങ്ങള്‍ ആവര്‍ത്തിക്കുന്ന നമ്പറിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 7.6 ലക്ഷം ഖത്വര്‍ റിയാലാണ് ഇതിന് ലഭിച്ചത്. 6.65 ലക്ഷം ഖത്വര്‍ റിയാല്‍ ലഭിച്ച രണ്ടാമത്തെ ഏറ്റവും വലിയ ആവശ്യക്കാരുള്ള നമ്പറില്‍ അഞ്ച്, ആറ്, പൂജ്യം അക്കങ്ങളാണ് ആവര്‍ത്തിച്ചത്. ഏറ്റവും കുറഞ്ഞ ലേലം അര ലക്ഷം ഖത്വര്‍ റിയാലിന്റെതായിരുന്നു. ഏറ്റവും കൂടുതല്‍ തുകയുടെ ലേലം പിടിച്ചത് വ്യവസായിയാണ്. പ്രത്യേക ഫോണ്‍ നമ്പര്‍ തനിക്ക് ബന്ധങ്ങള്‍ സ്ഥാപിക്കാനും മറ്റും പ്രത്യേകത നല്‍കുമെന്നും ബിസിനസ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ വര്‍ഷം നടത്തിയ ലേലത്തിന്റെയത്ര തുക ഇപ്രാവശ്യത്തെതിന് ലഭിച്ചിട്ടില്ല. മൂന്ന് കോടി ഖത്വര്‍ റിയാലിന്റെ ലേലമാണ് കഴിഞ്ഞവര്‍ഷം നടന്നത്. ഒരു ഫോണ്‍നനമ്പര്‍ ലേലത്തില്‍ പോയത് 10.1 ദശലക്ഷം റിയാലിനായിരുന്നു. ലോകറെക്കോര്‍ഡിന് ഇത് ഇടയാക്കിയിരുന്നു. അതിന് മുമ്പത്തെ ലോകറെക്കോര്‍ഡും ഖത്വറില്‍ നിന്ന് തന്നെയായിരുന്നു. 2006ല്‍ ക്യുടെല്‍ നടത്തിയ ലേലത്തില്‍ ഒരു നമ്പര്‍ ഒരു കോടി ഖത്വര്‍ റിയാല്‍ ലഭിച്ചിരുന്നു.