Connect with us

Kerala

മുഖ്യമന്ത്രിയെ വിലക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ്; പകരം ബിജെപി അധ്യക്ഷന്‍

Published

|

Last Updated

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിലക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇതെന്നാണ് സൂചന. ചടങ്ങിന്റെ സംഘാടകര്‍ പൊതുഭരണ വകുപ്പിന് നല്‍കിയ കാര്യക്രമത്തില്‍ അധ്യക്ഷനായി മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നു. ഇത് അനുമതിക്കായി പധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുനല്‍കിയ ലിസ്റ്റില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കി. പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ ഉള്‍പ്പെടുത്തി.

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനത്തിന് പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമാണെന്നാണ് സൂചന. പ്രധാനമന്ത്രി ആദ്യമായി കേരളത്തിലെത്തുമ്പോള്‍ മോദി നിറഞ്ഞുനില്‍ക്കുന്ന ചടങ്ങായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് തീരുമാനത്തിന് പിന്നില്‍. കഴിഞ്ഞ ആഴ്ച സംഘാടകര്‍ നിശ്ചയിച്ച കാര്യപരിപാടിയില്‍ മുഖ്യമന്ത്രിയെ അധ്യക്ഷനായി നിശ്ചയിച്ച് നോട്ടീസ് ഇറക്കിയിരുന്നു. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കിയിരുന്നു. ഇതില്‍ വി മുരളീധരന്റെ പേരുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി ഒരു സംസ്ഥാനം ആദ്യമായി സന്ദര്‍ശിക്കുമ്പോള്‍ അത് സ്വകാര്യ ചടങ്ങാണെങ്കില്‍പോലും ഔദ്യോഗിക പരിപാടിയായി കണക്കാക്കണമെന്നാണ് പ്രോട്ടോകോള്‍. ഇതില്‍ ഗവര്‍ണറോ മുഖ്യമന്ത്രിയോ അധ്യക്ഷനായി പങ്കെടുക്കണം. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം ഇന്നലെ അര്‍ധരാത്രിയോടെ എടുത്തുമാറ്റി.

മുഖ്യമന്ത്രിയാണ് ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥനപ്രകാരം കഴിഞ്ഞ ഡിസംബറിലായിരുന്നു ക്ഷണം. പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് സര്‍ക്കാരിന്റേയും താല്‍പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നു.