തൃക്കുളം-പാണ്ടിമുറ്റം റോഡ് പ്രവൃത്തി ആരംഭിച്ചു

Posted on: December 12, 2015 12:17 pm | Last updated: December 12, 2015 at 12:17 pm

തിരൂരങ്ങാടി: തൃക്കുളം-പാണ്ടിമുറ്റം റോഡ് പ്രവൃത്തി ആരംഭിച്ചു. ചെമ്മാട് നിന്ന് കൊടിഞ്ഞി വഴി പോകുന്ന ഈ റോഡ് പാണ്ടിമുറ്റം റോഡ് 13 കോടി ചെലവിലാണ് നന്നാക്കുന്നത്.
അഴുക്ക്ചാല്‍ നിര്‍മാണം റോഡ് വീതി കൂട്ടി ടാറിങ്ങും റബറൈസിംഗും അടക്കമുള്ള പ്രവൃത്തിയാണ് നടക്കുന്നത്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് കൊണ്ടുള്ള ഓടയാണ് നിര്‍മിക്കുന്നത്. എട്ട് മീറ്റര്‍ വീതി വരുന്ന റോഡില്‍ ഏഴ് മീറ്റര്‍ വാഹനങ്ങള്‍ക്കും അര മീറ്റര്‍ വീതം ഇരുഭാഗത്തും കാല്‍നട യാത്രക്കാര്‍ക്കും സൗകര്യമുണ്ടായിരിക്കും.
ഓടയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ജെ.സി.ബി ഉപയോഗിച്ച് ഓടക്കുള്ള കിടങ്ങ് കുഴിക്കുകയാണ്. റോഡ് വീതി കൂട്ടുമ്പോള്‍ റോഡിന് മധ്യത്തിലാകുന്ന വൈദ്യുതി കാലുകള്‍ മാറ്റിവെക്കുന്നതിന് വൈദ്യുതി ബോര്‍ഡിലേക്ക് പണമടച്ചിട്ടുണ്ട്. വളവും തിരിവും പരമാവധി ഒഴിവാക്കുകയും താഴ്ന്ന് കിടക്കുന്ന ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തുകയും ചെയ്യും.
18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് കരാറില്‍ പറഞ്ഞിട്ടുള്ളതെങ്കിലും വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. തിരൂര്‍, താനൂര്‍, ഒഴൂര്‍, താനാളൂര്‍ ഭാഗങ്ങളില്‍ നിന്ന് ചെമ്മാട് ഭാഗത്തേക്കുള്ളതാണീ റോഡ്. നിരവധി ബസുകള്‍ ഇതു വഴി ഓടുന്നുണ്ട്. റോഡിലെ ഓവുപാലത്തിന്റെ പ്രവൃത്തി മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായതാണ്.