ആഗോളതാപനം രണ്ട് ശതമാനത്തിന് താഴേക്ക് കൊണ്ടുവരണം: കാലാവസ്ഥാ ഉച്ചകോടി

Posted on: December 12, 2015 11:48 pm | Last updated: December 13, 2015 at 7:50 pm

720x300_cle0a69ba
പാരീസ്: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയുടെ കരട് പുറത്തിറക്കി. വികസിത, വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നീണ്ടതിനാല്‍ കരട് പ്രഖ്യാപനം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. കരട് പ്രമേയം പ്രകാരം ആഗോള താപവര്‍ധനാ നിരക്ക് രണ്ട് ഡിഗ്രി സെല്‍ഷ്യസായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. താപപരിധി ആത്യന്തികമായി 1.5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും കരടില്‍ പറയുന്നുണ്ട്.
പ്രാഥമിക ലക്ഷ്യമായി തന്നെ 1.5 ഡിഗ്രി സെല്‍ഷ്യസ് നിശ്ചയിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ വികസിത ചേരി ശക്തമായ നിലപാടെടുത്തതോടെ ഈ നീക്കം പൊളിയുകയായിരുന്നു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് ആണ് കരട് പ്രമേയം പുറത്തിറക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളന്‍ഡേ, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയ നേതാക്കളുമായി ഫാബിയസ് കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ചെറുക്കാനുള്ള ആഗോളശ്രമത്തില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തിയ ഉച്ചകോടിയാണ് പാരീസിലേത്.
ആഗോള താപനം തടയുന്നതിന് വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020 മുതല്‍ പ്രതിവര്‍ഷം നൂറ് ബില്യണ്‍ ഡോളര്‍ നല്‍കാനും കരട് പ്രമേയത്തില്‍ പറയുന്നു. കരട് പ്രമേയം പാസ്സാകണമെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന 195 രാഷ്ട്രങ്ങളുടെ അംഗീകാരം ആവശ്യമാണ്.