മുസ്‌ലിംകള്‍ ബ്രീട്ടീഷ് സൈന്യത്തില്‍ ചേരുന്നതിനേക്കാള്‍ കൂടുതല്‍ ഇസിലില്‍ ചേരുന്നു: ട്രംപ്

Posted on: December 11, 2015 11:57 pm | Last updated: December 11, 2015 at 11:57 pm

rt_donald_trumpന്യൂയോര്‍ക്ക്: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടനിലെ മുസ്‌ലിംകള്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരുന്നതിനേക്കാള്‍ കൂടുതലായി ഇസില്‍ തീവ്രവാദ സംഘടനയില്‍ ചേരുന്നുവെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന വിവാദ പ്രസ്താവനക്ക് പിറകെയാണ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ പുതിയ അവകാശവാദം. ഇസ്‌ലാമിനെ സംബന്ധിച്ചുള്ള തന്റെ നിലപാടിനെ വിമര്‍ശിച്ച ബ്രിട്ടനുള്ള മറുപടിയെന്ന നിലയിലാണ് ബ്രിട്ടനില്‍ വിപുലമായ മുസ്‌ലിം പ്രശ്‌നങ്ങളുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നത്.
ട്രംപിന്റെ വിദ്വേഷ പ്രസംഗം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ട്രംപിനെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ബ്രിട്ടനിലും ഇസ്‌റാഈലിലും ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ബ്രിട്ടനിലെ മുസലിംകള്‍ കൂടുതലായി ഇസിലില്‍ ചേരുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയ ട്രംപിനെ ബ്രിട്ടനില്‍ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് നാലരലക്ഷത്തോളം വരുന്ന ബ്രിട്ടീഷുകാര്‍ സര്‍ക്കാറിന് നിവേദനം നല്‍കിയതിന് മണിക്കൂറുകള്‍ക്കകമാണ് പുതിയ കണക്കുമായി ട്രംപ് ട്വിറ്ററിലെത്തിയത്.