ഡെങ്കി പ്രതിരോധ വാക്‌സിന് മെക്‌സിക്കോയുടെ അനുമതി

Posted on: December 11, 2015 6:00 am | Last updated: December 11, 2015 at 12:23 am

മെക്‌സിക്കോ സിറ്റി: ഡെങ്കി വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന് മെക്‌സിക്കന്‍ അധികൃതര്‍ അനുമതി നല്‍കി. ഇതാദ്യമായാണ് ഡങ്കി വൈറസിനെതിരെയുള്ള വാക്‌സിന് ഔദ്യോഗിക സ്വീകാര്യത ലഭിക്കുന്നത്. പ്രതിവര്‍ഷം 390 മില്യണ്‍ ജനങ്ങളെ ബാധിക്കുന്ന വൈറസാണ് ഡെങ്കി. ഇവരില്‍ കൂടുതലും ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു.
ലോകവ്യാപകമായ 29,000 രോഗികളില്‍ ഈ വാക്‌സിന്‍ പ്രയോഗിച്ചതായും മെക്‌സിക്കന്‍ മെഡിക്കല്‍ സേഫ്റ്റി ഏജന്‍സി ചൂണ്ടിക്കാട്ടി. എന്നാല്‍ വാക്‌സിന്റെ പേര് പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. വാക്‌സിന്റെ പേര് ഡെങ്ക്‌വാക്‌സിയയാണെന്ന് ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി വ്യക്തമാക്കി. രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലെ ഒമ്പതിനും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ പ്രയോഗിക്കുകയെന്ന് മെക്‌സിക്കോ അധികൃതര്‍ വിശദീകരിച്ചു. നിലവില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കി വൈറസിനെതിരെ ഈ വാക്‌സിന്‍ 60 ശതമാനം ഫലപ്രദമാണെന്നാണ് 2014ല്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
ലോകവ്യാപകമായി ഡെങ്കി ബാധിച്ച് ഓരോ വര്‍ഷവും ആയിരക്കണക്കിന് പേര്‍ മരിക്കുന്നുണ്ട്.