രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നു

Posted on: December 11, 2015 5:10 am | Last updated: December 11, 2015 at 12:11 am

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു. കടുത്ത മത്സരത്തിനൊടുവില്‍ ചൈനയെ പിന്തള്ളി ജപ്പാന്‍ കരാര്‍ നേടി. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പാത. മുംബൈ- അഹ്മദാബാദ് റൂട്ടില്‍ 650 കിലോമീറ്റര്‍ നീളം വരുന്ന പദ്ധതിക്ക് 98,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ഷിങ്കാസെന്‍ ബുള്ളറ്റ് ട്രയിന്‍ കോര്‍പറേഷനാണ് കരാര്‍ കരസ്ഥമാക്കിയത്. ഇന്ന് ഇന്ത്യയിലെത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെകരാറില്‍ ഒപ്പുവെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനിടെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും.
നേരത്തെ പദ്ധതിക്ക് ഷിന്‍സോ ആബെ 810 കോടി യു എസ് ഡോളര്‍ വായ്പ പ്രഖ്യാപിച്ചിരുന്നു. നേരത്തെ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഒരുശതമാനം പലിശക്ക് പദ്ധതി ചെലവായ 1500 കോടി ഡോളര്‍ വായ്പ നല്‍കാമെന്ന് ഏറ്റിരുന്നു.അതേസമയം കരാര്‍ നഷ്ടമായ ചൈന ഇന്ത്യയുടെ നീക്കത്തോട് കരുതലോടെയാണ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുടെ തീരുമാനത്തെ തങ്ങള്‍ മാനിക്കുന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി ഹുആ ഷുനിംഗിന്റെ പ്രതികണം.
ബുള്ളറ്റ് ട്രെയിന്‍ കരാര്‍ നേടിയെടുക്കാന്‍ ചൈനയും ജപ്പാനും തമ്മില്‍ കടുത്ത മത്സരമായിരുന്നു നടന്നത്. 1200 കിലോമീറ്റര്‍ വരുന്ന ന്യൂഡല്‍ഹി-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ പഠനങ്ങള്‍ ഇന്ത്യ-ചൈന കണ്‍സോര്‍ഷ്യം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പാതക്ക് ഇതുവരെ ആരും വായ്പ വാഗ്ദാനം ചെയ്തിട്ടില്ല. ഒപ്പം 2,200 കിലോമീറ്റര്‍ വരുന്ന ന്യൂഡല്‍ഹി-ചെന്നൈ പാതയും കേന്ദ്രസര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.