Connect with us

Gulf

ഖത്വറിലെ ലോകകപ്പ് ഒരുക്കങ്ങളില്‍ ഫിഫ സംതൃപ്തി അറിയിച്ചു

Published

|

Last Updated

ഫിഫ കോംപിറ്റീഷന്‍സ് ഡയറക്ടര്‍ കോളിന്‍ സ്മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു. നാസര്‍ അല്‍ ഖാതര്‍ സമീപം

ദോഹ: ഫുട്‌ബോള്‍ ലോകപ്പ് സംഘടിപ്പിക്കാന്‍ ഖത്വര്‍ നടത്തുന്ന ഒരുക്കങ്ങളില്‍ ലോകകപ്പ് സംഘാടകരായ ഫിഫ സംതൃപ്തി പ്രകടിപ്പിച്ചു. കിക്കോഫിന് രണ്ടു വര്‍ഷം മുമ്പ് തന്നെ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഫിഫ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രദേശിക സംഘാടക സമിതിയുമായി (എല്‍ ഒ സി) കൂടിക്കാഴ്ച നടത്തുകയും ലോക കപ്പ് സ്റ്റേഡിയം നിര്‍മാണ സ്ഥലങ്ങളും ബന്ധപ്പെട്ട മറ്റു പദ്ധതികളും നേരിട്ട് ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് ഫിഫ പ്രതിനിധികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
ലോക കപ്പ് തയാറെടുപ്പുകളില്‍ ഖത്വര്‍ നേടിയ പുരോഗതിയില്‍ സന്തുഷ്ടരാണെന്നും സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്‍ഒസി മുന്നോട്ടു വെച്ച സമയക്രമത്തില്‍ ഖത്വര്‍ കരുതലോടെ മുന്നോട്ടു പോയിട്ടുണ്ടെന്ന് ഫിഫയുടെ കോംപിറ്റീഷന്‍സ് ഡയറക്ടര്‍ കോളിന്‍ സ്മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൈറ്റുകളില്‍ പര്യടനം നടത്തി ഇവ ബോധ്യപ്പെട്ടു. എന്നാല്‍, ലോക കപ്പിനാവശ്യമായ സ്റ്റേഡിയങ്ങള്‍ എത്രയെന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ ഇനിയും സമയം വേണമെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ആറ് സ്റ്റേഡിയങ്ങളുടെ പണി ആരംഭിച്ചിട്ടുണ്ട്. ഏഴാമത്തെയും എട്ടാമത്തെയും സ്റ്റേഡിയങ്ങളുടെ സ്ഥലങ്ങള്‍ കഴിഞ്ഞയാഴ്ച സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി പ്രഖ്യാപിക്കുകയും ചെയ്ട്ടുണ്ട്.
28 ദിവസത്തെ ടൂര്‍ണമെന്റ് കളിക്കാര്‍ക്ക് ഏറ്റവും അനുയോജ്യവും ആവശ്യവുമായ സൗകര്യങ്ങള്‍ സംബന്ധിച്ച് കുറേക്കൂടി പഠനം ആവശ്യമാണ്. വെല്ലുവിളികളില്ലാത്ത ഒരു ലോകകപ്പ് സംഘടിപ്പിക്കുന്നതിന് സ്റ്റേഡിയങ്ങള്‍, റെയില്‍വേ, എക്‌സ്പ്രസ്് വേ എന്നിവയെല്ലാം അടുത്ത ഏഴ് വര്‍ഷത്തിനകം തയാറാകണം. നേരത്തേ ലോക കപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സംബന്ധിച്ച് എല്‍ ഒ സി സി ഇ ഒ ഹസന്‍ അല്‍തവാദി, ഡപ്യൂട്ടി സി ഇ ഒ നാസര്‍ അല്‍ ഖാതര്‍, സി ഒ ഒ സാകിസ് ബത്്‌സിലാസ് എന്നിവര്‍ ചേര്‍ന്ന് എല്‍ ഒ സി ബോര്‍ഡിന് മുന്നില്‍ വിശദീകരിച്ചിരുന്നു.
എല്‍ ഒ സിയും ഫിഫയും തമ്മില്‍ ആഴ്ചകളായി നിരന്തരമായി നടന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. തൊഴിലാളിക്ഷേമം, ഫിഫ ലോക കപ്പ് സ്റ്റേഡിയങ്ങളുടെ പണിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ എന്നിവ ചര്‍ച്ച ചെയ്ത യോഗത്തിനു ശേഷമാണ് ഫിഫ ആക്ടിംഗ് സെക്രട്ടറി മാര്‍കസ് കാറ്റ്‌നറിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണത്തിലിരിക്കുന്ന അഞ്ച് സ്റ്റേഡിയങ്ങളില്‍ പര്യടനം നടത്തിയത്. മിഡില്‍ ഈസ്റ്റിലെ ആദ്യ ലോക കപ്പിനായി ഖത്വര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ ഫിഫ അധികൃതര്‍ക്ക് മുന്നില്‍ നേരിട്ടു ബോധ്യപ്പെടുത്താന്‍ സാധിച്ചതായി അല്‍ തവാദി പറഞ്ഞു. ലോക ഫുട്‌ബോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവമായിരിക്കും ഖത്വര്‍ കാഴ്ചവയ്ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളി ക്ഷേമത്തിനായി സുപ്രിം കമ്മിറ്റി തയാറാക്കിയ മാനദണ്ഡങ്ങള്‍ ആശാവഹമാണെന്ന് കാറ്റ്‌നര്‍ പറഞ്ഞു. തൊഴില്‍ സാഹചര്യം, താമസം എന്നിവ സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് അനുസൃതമാണത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിലുടനീളം ഈ മാനദണ്ഡം പാലിക്കുന്നു എന്നുറപ്പു വരുത്താന്‍ ഫിഫ, സുപ്രിം കമ്മിറ്റിയുമായി യോജിച്ചു പ്രവര്‍ത്തിക്കും. ഈ തൊഴില്‍ നിലവാരം ദേശീയ തലത്തില്‍ എല്ലാ നിര്‍മാണ കമ്പനികള്‍ക്കും നിയപരമായ ബാധ്യതയാക്കുന്ന രീതിയിലുള്ള പരിഷ്‌കരണം ത്വരിതപ്പെടുത്താന്‍ ഖത്വര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.