രാജിവെച്ചാല്‍ ഉമ്മന്‍ ചാണ്ടി പുജപ്പൂര ജയിലില്‍: കോടിയേരി

Posted on: December 10, 2015 9:43 am | Last updated: December 10, 2015 at 9:43 am

വടക്കഞ്ചേരി: കേന്ദ്ര ഭരണത്തിന്റെ മറവില്‍ രാജ്യത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍ എസ് എസ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി പി എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി മന്ദമൈതാനിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ആനുകൂല്യങ്ങള്‍ നിഷേധിക്കുമ്പോള്‍ തൊഴിലാളികള്‍ സംഘടിച്ചാല്‍ അതിനിടയില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയും തൊഴിലാളികളെ ജാതി, മത അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയും ചെയ്യുകയാണ് യു ഡി എഫും വര്‍ഗ്ഗീയശക്തികളും. ആര്‍ എസ് എസ് – സംഘപരിവാര്‍ കൂട്ട് കെട്ടിന്റെ ഭാഗമായി പുതിയ സംഘടന രൂപം കൊടുക്കുകയാണ്.
വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇതില്‍ എസ് എന്‍ ഡി പിയിലെ ഭൂരിഭാഗം അംഗങ്ങളും വ്യാപകമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പട്ടികജാതി, വര്‍ഗ്ഗസമുദായത്തിനെതിരെയാണ് ആര്‍ എസ് എസ് എന്നുംപ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ പേരില്‍ ആര്‍ എസ് എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെല്ലാം പിന്തുണനല്‍കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍, മൂല്യങ്ങളില്ലാതെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഭരണം നടത്തുന്നത്.
അധികാരം നിലനിര്‍ത്താന്‍ എന്ത് വൃത്തി കെട്ട പ്രവര്‍ത്തനങ്ങള്‍ക്കും നെറികേടുകള്‍ക്കും കൂട്ട് നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ. അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ സുതാര്യമായ ഭരണം പ്രാവര്‍ത്തികമാക്കാന്‍ സ്വമേധയാ രാജിവെക്കാന്‍ തയ്യാറാവണം. എന്നാല്‍ രാജിവെച്ചാല്‍ പുജപ്പൂര സെന്റര്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രാജിവെക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സി പി എം വടക്കഞ്ചേരി ഏരിയാ സെക്രട്ടറി ടി കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എം ചന്ദ്രന്‍ എം എല്‍ എ, സി ടി കൃഷ്ണന്‍, സി തമ്പു, എസ് രാധാകൃഷ്ണന്‍ പ്രസംഗിച്ചു.