ഏകസിവില്‍കോഡ്: കോടതി വിധി സ്വാഗതാര്‍ഹം-സമസ്ത മുശാവറ

Posted on: December 10, 2015 12:10 am | Last updated: December 10, 2015 at 12:10 am

കോഴിക്കോട്: രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാ ക്കാന്‍ പാര്‍ലിമെന്റിനും കേന്ദ്ര’ഭരണകൂടത്തിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് നല്‍കിയ ഹരജി തള്ളിയ സുപ്രീം കോടതി വിധി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ സ്വാഗതം ചെയ്തു. പൗരന്മാര്‍ക്ക് അവരവരുടെ വിശ്വാസങ്ങളനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയാണ് ചിലര്‍ അടിക്കടി ചോദ്യം ചെയ്യുന്നത്. രാജ്യത്ത് കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോടതി പരാമര്‍ശങ്ങള്‍ക്ക് പ്രസക്തിയുണ്ട്.
മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിനു പരിഹാരം കാണാന്‍ ഏകസിവില്‍കോഡ് നടപ്പിലാക്കണമെന്ന വാദവുമായി മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആരുമല്ല ഹരജിയുമായി എത്തിയതെന്ന് നിരീക്ഷിച്ച് തള്ളിയ സുപ്രീം കോടതി ബഞ്ചിന്റെ തീര്‍പ്പിന് ഏറെ മാനങ്ങളുണ്ട്- മുശാവറ വിലയിരുത്തി. പലപ്രാവശ്യം തീര്‍പ്പുകല്‍പ്പിച്ച പ്രശ്‌നങ്ങളില്‍ വീണ്ടും വ്യവഹാരങ്ങളുമായി എത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന കോടതി മുന്നറിയിപ്പ് ശ്രദ്ധേയമാണ്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ഒന്നിച്ചു മുന്നോട്ട് നയിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ടെന്നും മതന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ തീര്‍ത്ത് രാജ്യത്തിന്റെ ഭരണഘടനയും മതേതര മാനവും സംരക്ഷിക്കണമെന്നും മുശാവറ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, തെന്നല അബൂഹനീഫല്‍ ഫൈസി, കെ ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ളീയാഉല്‍ മുസ്തഫ മാട്ടൂല്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, മുഖ്താര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.