മൂല്യത്തകര്‍ച്ച: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലോകബേങ്കിന്റെ 380 കോടി

Posted on: December 10, 2015 12:09 am | Last updated: December 10, 2015 at 12:09 am

World Bank Launch XBRL

തിരുവനന്തപുരം: രൂപയുടെ മൂല്യമിടിഞ്ഞ വകയില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലോകബേങ്കില്‍ നിന്ന് 380 കോടി രൂപയുടെ അധിക ലോണ്‍. കേരളാ ലോക്കല്‍ സര്‍വീസ് ഡെലിവറി പ്രൊജക്ടിന്റെ ഭാഗമായുള്ള വായ്പ പദ്ധതയിലൂടെയാണ് അധിക സഹായം. തദ്ദേശ ഭരണ സംവിധാനത്തിന്റെ ശാക്തീകരണവും കാര്യശേഷി വര്‍ധനയും ലക്ഷ്യമിട്ട് 2011 മുതല്‍ നടപ്പാക്കുന്ന ലോകബേങ്ക് പദ്ധതിയാണ് കെ എല്‍ ജി എസ് ഡി പി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വകുപ്പ് മന്ത്രി ഡോ. എം കെ മുനീറും ലോക ബേങ്കിന്റെ ഇന്ത്യയിലെ ടാസ്‌ക് ഫോഴ്‌സ് ടീം ലീഡര്‍ ഉറി റൈച്ച്, അബ്ദു ന്യുയോംഗ് ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ അധിക തുകയായി 380 കോടി രൂപ കൂടി നല്‍കാമെന്ന് സമ്മതിച്ചു. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി ഒന്നര വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി. അധികസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
കെ എല്‍ ജി എസ് ഡി പി പദ്ധതിക്ക് പദ്ധതിക്ക് 1195.8 കോടി രൂപയാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതില്‍ 1097.56 കോടി രൂപ പെര്‍ഫോമന്‍സ് ഗ്രാന്റായിരുന്നു. 51.52 കോടി രൂപ കാര്യശേഷി വികസനത്തിനും 31.28 കോടി രൂപ പ്രോജക്ട് മാനേജ്‌മെന്റിനും അനുവദിച്ചു. വായ്പ അനുവദിച്ച 2011 ല്‍ രൂപയുമായുള്ള ഡോളറിന്റെ വിനിമയ നിരക്ക് 46 രൂപയായിരുന്നു. ഇപ്പോള്‍ ഇത് 60-65 രൂപ വരെയാണ്. ഈ സാഹചര്യത്തില്‍ വിനിമയ നിരക്കിലെ മാറ്റത്തിന് അനുസൃതമായ തുക അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
അധികം ലഭിക്കുന്ന തുക പിന്നാക്ക പഞ്ചായത്തുകളുടെ വികസനത്തിനും ട്രൈബല്‍ ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉപയോഗിക്കാനാണ് തീരുമാനം. മാര്‍ച്ച് 31നു പൂര്‍ത്തിയാക്കേണ്ടിരുന്ന പദ്ധതിയുടെ വിപുലീകരണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ലോകബേങ്ക് അംഗീകരിച്ചു. 2017 ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടി നല്‍കിയത്. വായ്പയുടെ തിരിച്ചടവ് 2021 ലാണ് തുടങ്ങുന്നത്. 0.75 ശതമാനമാണ് പലിശ. പദ്ധതി വഴി 1039 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതല്‍ സ്ഥാപനങ്ങളും പണം ചെലവഴിച്ചത്. മേഖലാ വിഭജനങ്ങളൊന്നുമില്ലാതെ ഇഷ്ടമുള്ള പദ്ധതി തിരഞ്ഞെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു. അങ്കണ്‍വാടികള്‍, ബഡ്‌സ്‌കൂളുകള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ പദ്ധതികളെല്ലാം പലസ്ഥാപനങ്ങളും നടപ്പാക്കുന്നത്. കെ എല്‍ ജി എസ് ഡി പിയുടെ പദ്ധതി നിര്‍വഹണ രേഖയനുസരിച്ച് പ്രവര്‍ത്തന മികവ് പരിശോധിച്ച ശേഷമാണ് ഫണ്ടുകള്‍ നല്‍കുന്നത്. ആസൂത്രണത്തിനും ബജറ്റിംഗിനും 10 മാര്‍ക്ക്, പദ്ധതി നിര്‍വഹണവും സേവന പ്രദാനവും 40, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ധനകാര്യ റിപ്പോര്‍ട്ടിംഗ് 25, സുതാര്യതക്കും, അക്കൗണ്ടബിലിറ്റിക്കും 25 എന്നിങ്ങനെ 100 മാര്‍ക്കില്‍ പ്രവര്‍ത്തന സ്‌കോറുകള്‍ നിശ്ചയിച്ചാണ് തുക അനുവദിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന തുകയുടെ 80 ശതമാനം ചെലവഴിക്കുന്നവര്‍ക്ക് മാത്രമാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള പണം നല്‍കുന്നത്.