Qatar
ഖത്വര്‍ എയര്‍വേയ്‌സിന് കൂടുതല്‍ സഊദി സര്‍വീസുകള്‍

ദോഹ: സഊദി അറേബ്യയിലേക്ക് കൂടുതല്‍ വിമാനങ്ങളുമായി ഖത്വര്‍ എയര്‍വേയ്‌സ്. സഊദിയിലെ അബഹ, ഗസീം, ഹുഫൂഫ്, താഇഫ്, ജിദ്ദ, റിയാദ്, ദമ്മാം, മദീന നഗരങ്ങളിലേക്കാണ് സര്‍വീസ് ഉയര്‍ത്തുന്നത്. ഇതോടെ സഊദിയിലേക്ക് ആഴ്ചയില്‍ 112 സര്‍വീസുകളായി ഉയരും. ഈ നഗരങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്വര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന ലോകനഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം കൂടി ഒരുക്കിയാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഈ മാസം മുതല്‍ തന്നെ അധിക സര്‍വീസുകള്‍ പ്രാബല്യത്തിലാകും.
നിലവില്‍ ജിദ്ദയിലേക്കും റിയാദിലേക്കും പ്രതിദിനം രണ്ടു സര്‍വീസുകളുള്ളത് മൂന്നു വീതമാക്കി ഉയര്‍ത്തും. എ 319 വിമാനം ഉപയോഗിച്ചുള്ള സര്‍വീസ് ജിദ്ദയിലേക്ക് ഈ മാസം 16നും റിയാദിലേക്ക് 18നുമാണ് ആരംഭിക്കുക. മദീനയിലേക്കുള്ള സര്‍വീസ് ഈ മാസം ഒന്നു മുതല്‍ പ്രതിദിനം രണ്ടാക്കി ഉയര്‍ത്തിയിരുന്നു. അബഹയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുള്ളത് പ്രതിദിനമായി ഉയര്‍ത്തി. സഊദി അറേബ്യയില്‍നിന്നും തിരിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതുകൂടി പരിഗണിച്ചാണ് സര്‍വീസുകള്‍ ഉയര്‍ത്തുന്നതെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സാമ്പത്തികമായും വ്യാവസായികമായും വികസിച്ചു കൊണ്ടിരിക്കുന്ന സഊദി അറേബ്യയിലേക്ക് സര്‍വീസുകള്‍ വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി സഊദിയില്‍ നിക്ഷേപം ഉയരുകയാണ്. അതുകൊണ്ടു തന്നെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു.
ദോഹ വഴി ലോകത്തെ 153 ഗനരങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ഖത്വര്‍ എയര്‍വേയ്‌സ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.