Connect with us

Gulf

വൈദ്യുതി നഷ്ടം വരുത്തുന്ന ഉപകരണങ്ങളുടെ വില്‍പ്പന നിരോധിക്കുന്നു

Published

|

Last Updated

ദോഹ: അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഊര്‍ജക്ഷമതയുള്ള ഗൃഹോപകരണള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ലബോറട്ടറീസ്, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസി. അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ കുവാരി അറിയിച്ചു. അടുത്ത വര്‍ഷം മധ്യത്തോടെ പഴയ എ സികള്‍ ഒഴിവാക്കാനും പഴയ എ സികള്‍ ഇറക്കുമതി ചെയ്യുന്നത് ഉപേക്ഷിക്കാനും വിതരണക്കാരോട് നിര്‍ദേശിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ സികള്‍ക്ക് വേണ്ട ഗുണനിലവാരത്തെ സംബന്ധിച്ച് കഹ്‌റമ വിശദീകരിച്ചിട്ടുണ്ട്. മൊത്തം വൈദ്യുതിയുടെ 65 ശതമാനവും എ സിയുടെ ഉപയോഗത്തിനാണ് ചെലവഴിക്കുന്നത്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ഇതിന്റെ ഉപയോഗം കുത്തനെ ഉയരും. 30 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സാധിക്കുന്ന പുതിയ ഗൃഹോപകരണങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ. എ സി കൂടാതെ സ്റ്റൗ, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ എല്ലാ ഗൃഹോപകരണങ്ങളും ഊര്‍ജക്ഷമതയുള്ളതാകണം. നിലവിലെ ഗൃഹോപകരണങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് പൗരന്‍മാര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാം. എന്നാല്‍ മികച്ച ഊര്‍ജക്ഷമതയുള്ള ഗൃഹോപകരണങ്ങള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ അനുവദിക്കുകയുള്ളൂ. വൈദ്യുതി ലാഭിക്കുന്ന നിലവാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴി രാജ്യത്തിന് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ഊര്‍ജക്ഷമതയില്ലാത്ത ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴി വൈദ്യുതി നഷ്ടവും വലിയ ചെലവുമാണ് വരുത്തിവെക്കുന്നതെന്നും സെയ്ഫ് അല്‍ കുവാരി പറഞ്ഞു. അതേസമയം, ഇത്തരം ഉപകരണങ്ങള്‍ക്ക് പഴയതിനേക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ സാമ്പത്തിക ചെലവുവരും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ കെട്ടിടങ്ങളും പരിസ്ഥിതി സൗഹൃദമാക്കും. അടുത്ത വര്‍ഷം മുതല്‍ ഹരിത കെട്ടിട പദ്ധതി ആരംഭിക്കും. സ്‌കൂള്‍, മസ്ജിദ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. നിലവില്‍ നിരവധി സ്ഥാപനങ്ങള്‍ ഹരിത കെട്ടിടങ്ങളാണ് രൂപകല്‍പ്പന ചെയ്യുന്നതെന്നും പലതും ഇപ്പോള്‍ തന്നെ പരിസ്ഥിതി സൗഹൃദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജത്തിന്റെയും സോളാര്‍, കാറ്റ് തുടങ്ങിയ പുതുക്കാവുന്ന ഊര്‍ജത്തിന്റെയും ഉപയോഗമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
കുറഞ്ഞ വോള്‍ട്ടേജ് ആവശ്യമുള്ള ഉപകരണങ്ങള്‍ക്ക് വേണ്ട സാങ്കേതിക മികവ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജി സി സി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍ (ജി എസ് ഒ) അവതരിപ്പിച്ചിരുന്നു. ഫാന്‍, മിക്‌സി, ഹീറ്റര്‍, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവക്ക് സ്ഥിര ജി മാര്‍ക്ക് സ്റ്റിക്കര്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇത് പരിശോധിക്കാനും ഗുണനിലവാരമില്ലാത്തവ തിരിച്ചുവിളിക്കാനും ഓരോ രാജ്യത്തും പ്രത്യേകം കമ്മിറ്റി രൂപവത്കരിക്കാന്‍ നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ നിരന്തരം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ നടപടി കൈക്കൊള്ളും.