Connect with us

Editorial

വെള്ളാപ്പള്ളിയുടെ പുതിയ സേന

Published

|

Last Updated

ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടി പിറവിയെടുത്തിരിക്കുന്നു സംസ്ഥാനത്ത്. തിരുവനന്തപുരത്ത് സമത്വ മുന്നേറ്റ യാത്രയുടെ സമാപന സംഗമത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ തന്റെ “ഭാരത് ധര്‍മ ജനസേന” പ്രഖ്യാപിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപിക്കാനും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുമായിരുന്നു ആദ്യ തീരുമാനം. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ അത് മാറ്റിവെക്കുകയും തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഹകരിക്കുകയുമാണുണ്ടായത്.
കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്ക് എതിരെ ശക്തമായ മൂന്നാം ബദലായി ഉയര്‍ന്നു വരാനുള്ള ലക്ഷ്യത്തോടെയാണ് സംഘ്പരിവാറിന്റെ ഒത്താശയില്‍ സമത്വ യാത്രയുടെയും പുതിയ പാര്‍ട്ടി രൂപവത്കരണത്തിന്റെയും അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പ്രവീണ്‍ തൊഗാഡിയയാണ് ഇതുവരെയുള്ള എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. ആര്‍ എസ് എസിന്റെ താത്വികാചാര്യന്‍ ഗുരുമൂര്‍ത്തിയാണ് പുതിയ പാര്‍ട്ടിയുടെ രൂപരേഖ തയ്യാറാക്കിയതെന്നാണ് വിവരം. യാത്രയിലുടനീളം സംഘ്പരിവാര്‍ സാന്നിധ്യം പ്രകടവുമായിരുന്നു. ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത്, ഭാരതീയ വിചാരകേന്ദ്രം, ഹിന്ദു ഐക്യവേദി, കേരള ക്ഷേത്രസംരക്ഷണ സമിതി തുടങ്ങി തീവ്രഹിന്ദുത്വ സംഘടനകളുടെ തലപ്പത്തുള്ളവരായിരുന്നു സ്വീകരണ പരിപാടികളിലെ സാന്നിധ്യം. വെള്ളാപ്പള്ളിയുടെ തീവ്രവര്‍ഗീയത തുളുമ്പുന്ന പ്രസംഗങ്ങളിലും “ഭാരത് ധര്‍മ ജനസേന” എന്ന പേരിലും സംഘ്പരിവാര്‍ ബന്ധം ചുവയ്ക്കുന്നുണ്ട്. ഹൈന്ദവ രാഷ്ട്രീയത്തിന് ശക്തി പകരാന്‍ പുതിയ പാര്‍ട്ടിക്കാകുമെന്നും ഇതിന്റെ ബലത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ രാഷ്ട്രീയത്തിന് ഇവിടെ അക്കൗണ്ട് തുറക്കാനാകുമെന്നുമാണ് സംഘ്പരിവാര്‍ വിലയിരുത്തല്‍.
സമത്വയാത്രക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്തത് ഈ പ്രതീക്ഷക്ക് തുടക്കത്തിലേ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള സമുദായങ്ങളെ ഏകീകരിക്കുകയാണ് ലക്ഷ്യമെന്നാണ് യാത്രയുടെ മുന്നോടിയായി വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. എന്നാല്‍ ബഹുഭൂരിപക്ഷം ഹിന്ദു സാമുദായിക സംഘടനകളും യാത്രയുമായി സഹകരിച്ചില്ല. മാത്രമല്ല, നാടാര്‍ അസോസിയേഷന്‍, മലയാള ബ്രാഹ്മണ സമാജം, എസ് സി എസ് ടി ഫെഡറേഷന്‍, പുലയസഭ തുടങ്ങി വെള്ളാപ്പള്ളി ചെയര്‍മാനായ ഹിന്ദുപാര്‍ലിമെന്റിലെ 37 സംഘടനകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ പുതിയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വെള്ളാപ്പള്ളിയെ പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കുകയുമുണ്ടായി. കൊച്ചിയില്‍ ചേര്‍ന്ന എസ് എന്‍ ഡി പി വിമതരുടെ യോഗവും സംഘനയെ സംഘ്പരിവാറിന് അടിയറ വെക്കുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. യാത്രയുടെ ഉദ്ഘാടന ചടങ്ങിന് ശ്രീശ്രീ രവിശങ്കറുണ്ടാകുമെന്ന് പ്രചരിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം എത്താതിരുന്നതും ജാഥയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ച ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ജാഥയില്‍ നിന്ന് വിട്ട് നില്‍ക്കുക മാത്രമല്ല, പുതിയ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തതും കനത്ത തിരിച്ചടിയായി.
എസ് എന്‍ ഡി പി അനുഭാവികളില്‍ കൂടുതല്‍ പേരും ഇടതുപക്ഷ ചിന്താഗതിക്കാരായതിനാല്‍ പുതിയ പാര്‍ട്ടി ഇടത് പക്ഷത്തിനാണ് പ്രഹരമേല്‍പ്പിക്കുക എന്നായിരുന്നു വലയിരുത്തല്‍. തുടക്കം മുതലേ വെള്ളാപ്പള്ളിയെയും യാത്രയെയും പ്രതിരോധിക്കാന്‍ സി പി എം നേതാക്കള്‍ ശക്തമായി രംഗത്ത് വന്നതും അതുകൊണ്ടാണ്. എന്നാല്‍ ബി ജെ പിക്കാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടിയുടെ വരവ് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത്. അടുത്തിടെ സി പി എമ്മില്‍ നിന്ന് ബി ജെ പി യിലേക്ക് വന്നവരില്‍ ഏറെയും ഈഴവ സമുദായക്കാരായിരുന്നു. ഇവരില്‍ നല്ലൊരു പങ്കും വെള്ളാപ്പള്ളിയുടെ ചേരിയിലേക്ക് ചേക്കേറുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. വെള്ളാപ്പള്ളിയോട് പാര്‍ട്ടി വിധേയത്വം കാട്ടിയാല്‍ അവരുടെ പരമ്പരാഗത നായര്‍ വോട്ടുകളില്‍ ചോര്‍ച്ച സംഭവിക്കുകയും ചെയ്യും. പാര്‍ട്ടി സംസ്ഥാന നേതാക്കളും മാധവന്‍ നായരെ പോലെയുള്ള സഹയാത്രികരും സമത്വ മുന്നേറ്റ യാത്രയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണമിതാണ്.
കേരള രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം ഉറപ്പിക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ ഭാവിയില്‍ അദ്ദേഹം കളം മാറിച്ചവിട്ടാനുള്ള സാധ്യതയും ബി ജെ പി കാണുന്നു. സംസ്ഥാന തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയും ബി ജെ പിയും ഒന്നിച്ചു മത്സരിക്കുകയാണെങ്കില്‍ തന്നെ നേതൃത്വം ആര്‍ക്കായിരിക്കും? വെള്ളാപ്പള്ളിക്ക് കീഴിലായി ബി ജെ പി നില്‍ക്കേണ്ടിവരുമോ തുടങ്ങിയ പ്രശ്‌നങ്ങളും പാര്‍ട്ടി നേതൃത്വത്തെ അലട്ടുന്നുണ്ട്. യു ഡി എഫിനെയും എല്‍ ഡി എഫിനെയും അടിക്കാനുള്ള വടിയായി വെള്ളാപ്പള്ളിയെ ഉപയോഗപ്പെടുത്താനുള്ള സംഘ്പരിവാര്‍ നീക്കം അവസാനം ബി ജെ പിക്ക് ഭീഷണിയാകുമെന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.

Latest