രേഷ്മയുടെ മരണം: വിശ്വസിക്കാനാവാതെ തെക്കെക്കാട്

Posted on: December 8, 2015 5:59 am | Last updated: December 7, 2015 at 10:59 pm

തൃക്കരിപ്പൂര്‍: മുത്തച്ഛന്റെ വേര്‍പാട് താങ്ങാനാകാതെ സ്വയം കത്തിയമര്‍ന്ന രേഷ്മയുടെ ദുരന്താന്ത്യം കേട്ടാണ് ഇന്നലെ തെക്കെക്കാട് ഗ്രാമം ഉണര്‍ന്നത്. തുടര്‍ന്ന് ഒരു കുടുംബത്തിന് നേരിട്ട ദുര്‍വിധി വിശ്വസിക്കാന്‍ കഴിയാതെ ദ്വീപ് മുഴുവനും അവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.
പോലീസിന്റെ സാന്നിധ്യത്തില്‍ പാതിവെന്ത മൃതദേഹം വീടിനകത്ത് നിന്ന് പുറത്തെക്കെടുത്തപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയൊരു ജനസഞ്ചയം തേങ്ങലടക്കാന്‍ പാടുപെട്ടു. മുത്തച്ഛനായ കണ്ണന്‍ ഹൃദയാഘാതത്താല്‍ ഇന്നലെ പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. ഈ വാര്‍ത്ത അറിഞ്ഞ ഉടനെ സഹോദരിയുമായി രേഷ്മ ദുഃഖം പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് സ്വന്തം വീടിനകത്ത് വെച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് സ്വയം അഗ്‌നിക്കിരയായത്. വീടിനകത്ത് നിന്ന് തീയും പുകയുമോടൊപ്പം ദീനവിലാപവും ഉയരുന്നത് കേട്ട് പരിസരവാസികള്‍ ഒടിക്കൂടുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. മുത്തച്ഛനോടുള്ള ആത്മബന്ധമാണ് പേരമകളെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.
രേഷ്മക്ക് സ്വന്തം മാതാപിതാക്കളേക്കാള്‍ സ്‌നേഹവും അടുപ്പവും മുത്തച്ഛനോടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. യുവതി ഒരു സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ച് കഴിയുകയായിരുന്നു.
പത്തുമണിയോടെ ചന്തേര എസ് ഐ രാജേഷും സംഘവുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
തുടര്‍ന്ന് തെക്കെക്കാട് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചതോടെ ഒരു നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ എന്നന്നേക്കുമായി എരിഞ്ഞടങ്ങി.