മുല്ലപ്പെരിയാര്‍: ജലനിരപ്പ് താഴ്ന്നു; തുറന്ന ഷട്ടറുകള്‍ അടച്ചു

Posted on: December 8, 2015 9:00 am | Last updated: December 8, 2015 at 11:50 am

Mullaperiyar dam 2

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഇന്നലെ തുറന്ന ഷട്ടറുകള്‍ അടച്ചു. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വീണ്ടും വര്‍ധിപ്പിച്ചു. 2100 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. 141.6 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്. മഴ മാറിനില്‍ക്കുന്നതും ജലനിരപ്പ് കുറയുന്നതിന് കാരണമായി. ജലനിരപ്പ് 141.90 അടിയിലെത്തിയപ്പോഴാണ് രാത്രി 8.15 ഓടെ പതിമൂന്ന് ഷട്ടറുകളില്‍ ആദ്യം രണ്ടെണ്ണവും പിന്നീട് ആറെണ്ണവും തുറന്നത്. ഒന്നരയടിയോളമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഇതിലൂടെ സെക്കന്‍ഡില്‍ 3700ലേറെ ഘനയടി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങി.

അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന പെരിയാര്‍ തടങ്ങളിലെ മൂന്ന് ഗ്രാമങ്ങളിലെ 206 കുടുംബങ്ങളോട് സ്വയം ഒഴിയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇവര്‍ക്കായി വള്ളക്കടവ്, വഞ്ചിവയല്‍ സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഷട്ടര്‍ തുറന്ന് നിമിഷങ്ങള്‍ക്കകം ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയില്‍ എത്തി.
ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കാമെന്ന 2014 മെയ് ഏഴിലെ സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായാണ് ഷട്ടര്‍ തുറന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കിയത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ അണക്കെട്ടിന്റെ സംഭരണശേഷി 142 ആക്കി ഉയര്‍ത്തിയിരുന്നു.
തികച്ചും ചട്ടവിരുദ്ധമായും കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെയുമാണ് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടര്‍ തുറന്നത്. ഇടുക്കി ജില്ലാ കലക്ടര്‍ വി രതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ തേക്കടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. തേനി ജില്ലാ കലക്ടര്‍ ഇന്ന് എത്തിയേക്കും.
രാവിലെ 11ന് വണ്ടിപ്പെരിയാര്‍, ഉപ്പുതറ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
സെക്കന്റില്‍ 2,696 ഘനയടി വെള്ളം ഒഴുകിയെത്തുകയും കൊണ്ടുപോകാന്‍ കഴിയുന്ന പരമാവധി അളവായ 1,816 ഘനയടി തമിഴ്‌നാട്ടിലേക്ക് ഒഴുക്കുകയും ചെയ്തിട്ടും ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തമിഴ്‌നാട് നിര്‍ബന്ധിതമായത്. 142 അടിയില്‍ നിന്ന് അല്‍പ്പം പോലും ജലനിരപ്പ് കൂടാതിരിക്കാന്‍ തമിഴ്‌നാട് പല അളവിലാണ് ഇന്നലെ രാവിലെ മുതല്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ദിവസം വരെ 511 ഘനയടി ജലമാണ് തമിഴ്‌നാട്ടിലേക്ക് തുറന്നുവിട്ടിരുന്നത്.
എന്നാല്‍, നീരൊഴുക്ക് വര്‍ധിച്ചതോടെ ഇന്നലെ രാവിലെ 1400, പിന്നീട് 1800, ഒടുവില്‍ 1816 ഘനയടി എന്നിങ്ങനെ നീരൊഴുക്കിന് അനുസൃതമായി പല അളവുകളില്‍ ജലം കൊണ്ടുപോയി. തമിഴ്‌നാട് ലോവര്‍ ക്യാമ്പിന് പോകുന്ന വഴിയുടെ സമീപമുള്ള ഇരച്ചില്‍ പാലത്തിലൂടെ 416 ഘനയടിയും 1400 ഘനയടി നാല് പെന്‍സ്‌റ്റോക്ക് പൈപ്പുകളിലൂടെയുമാണ് തുറന്നുവിട്ടിരിക്കുന്നത്. 142 അടി കവിഞ്ഞാല്‍ സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്നതിനാലാണ് ജലനിരപ്പ് എങ്ങനെയും 142ല്‍ താഴെ നിര്‍ത്താന്‍ തമിഴ്‌നാട് ശ്രമിച്ചത്.
എന്നാല്‍, വൃഷ്ടിപ്രദേശത്തും തമിഴ്‌നാട്ടിലും മഴ ശക്തി പ്രാപിച്ചത് തമിഴ്‌നാടിന് തിരിച്ചടിയായി.

മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിന്റെ ശേഷി 72 അടിയാണ്. ഇന്നലെ അവിടുത്തെ ജലനിരപ്പ് 64.73 അടിയാണ്. തുറന്നുവിട്ടിരിക്കുന്നത് 4060 ഘനയടിയും. തേനിയില്‍ മഴ പെയ്യുന്നതിനാല്‍ വൈഗ അണക്കെട്ടിലേക്കുളള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കേണ്ടി വന്നാല്‍ ഇവ സംഭരിക്കാനാകാതെ വരും. ഈ സാഹചര്യത്തിലാണ് രാത്രി തന്നെ പെരിയാറിലേക്കുള്ള ഷട്ടര്‍ തുറന്നത്.
സെക്കന്‍ഡില്‍ 400 ഘനയടി വീതം ഒഴുക്കാന്‍ ശേഷിയുള്ള നാല് പെന്‍സ്‌റ്റോക്ക് പൈപ്പുകളാണ് മുല്ലപ്പെരിയാറില്‍ സ്ഥാപിച്ചിട്ടുള്ളതെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്ത് സെക്കന്‍ഡില്‍ 350 ഘനയടി വെള്ളം മാത്രമേ ഓരോ പെന്‍സ്‌റ്റോക്ക് പൈപ്പിലൂടെയും ഒഴുക്കാറുള്ളൂ.
2006ല്‍ ഇരച്ചില്‍പാലത്തിലൂടെ അമിതമായി വെള്ളം ഒഴുക്കിയതിന്റെ ഫലമായി കൊല്ലം തേനി ദേശീയപാത തകര്‍ന്ന് ആഴ്ചകളോളം ഗതാഗതം നിലച്ചിരുന്നു. ഇതിന് ശേഷം സെക്കന്റില്‍ പരമാവധി 416 ഘനയടിയില്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട് ഒഴുക്കാറില്ല.
ഷട്ടര്‍ തുറന്നെങ്കിലും മുല്ലപ്പെരിയാര്‍ ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലെത്താന്‍ 24 മണിക്കൂറെങ്കിലും എടുക്കും. 2401 അടി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 2364.52 അടി വെള്ളമുണ്ട്.