Connect with us

Qatar

വന്‍ തുകയുടെ മൊബൈല്‍ മോഷണം; ഇന്ത്യക്കാരിക്കെതിരെ കേസ്

Published

|

Last Updated

ദോഹ: രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കഷന്‍ സ്ഥാപനത്തിലെ ഇന്ത്യക്കാരിക്കെതിരെ വന്‍തുകയുടെ മോഷണക്കുറ്റം. കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ വ്യാജമായ വിവരങ്ങള്‍ നല്‍കി 972,000 റിയാല്‍ വിലയുള്ള 490 മൊബൈല്‍ ഫോണുകള്‍ തിരിമറി നടത്തിയെന്നാണ് കേസ്. ഇവര്‍ വില്‍പന നടത്തിയ ഫോണകളുടെ പണം കമ്പനിക്കു ലഭിച്ചിട്ടില്ല.
ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തി സ്ഥാപനത്തിന് നഷ്ടം വരുത്തിയെന്നും കമ്പനിയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ രഹസ്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തിക തിരിമറി നടത്തിയെന്നും കാണിച്ച് കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യമാണെന്നു കണ്ടെത്തിയ കോടതി ഇവര്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കമ്പനിയില്‍ സെയില്‍സ് വിഭാഗത്തിലാണ് പ്രതിയായ വനിത ജോലി ചെയ്തിരുന്നത്. പ്രതിദിനം വിലയ തുകയുടെ സെയില്‍ നടക്കുന്ന ബ്രാഞ്ചിലെ സാമ്പത്തിക പരിശോധനാ വേളയിലാണ് തിരമറി കണ്ടെത്തിയത്.
വില്‍പന നടത്തിയ ഫോണുമായി ബ്രാഞ്ചിലെത്തിയ ഒരാള്‍ നല്‍കിയ ബില്‍ നമ്പര്‍ സിസ്റ്റത്തില്‍ നല്‍കിയപ്പോള്‍ ഇന്‍വോയ്‌സ് നമ്പരോ ഉപഭോക്താവിന്റെ വിവരങ്ങളോ കണ്ടെത്താനായില്ല. തുടര്‍ന്നു സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് ഉപഭോക്താവിന് ഡ്യൂപ്ലിക്കേറ്റ് ബില്‍ നല്‍കിയ ശേഷം വിവരങ്ങള്‍ സിസ്റ്റത്തില്‍നിന്നും ഡിലീറ്റ് ചെയ്ത് പണം അപഹരിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. ഏതു യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് തിരമറി നടത്തിയതെന്ന് കണ്ടെത്തി പ്രതിയെ തിരിച്ചറിയുകയായിരുന്നു. കൂടുതല്‍ തെളിവെടുപ്പിനും സാക്ഷിവിസ്താരത്തിനും ശേഷം കേസില്‍ കോടതി വിധി പറയും.

Latest