നിടുമ്പൊയില്‍ മലയില്‍ വ്യാജ മദ്യ വേട്ട; വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

Posted on: December 7, 2015 8:30 pm | Last updated: December 7, 2015 at 8:30 pm

23പേരാമ്പ്ര: നിടുമ്പൊയില്‍ മാവട്ട് മലയില്‍ വ്യാജ മദ്യ ശേഖരം പിടികൂടി. എക്‌സൈസ് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 20 ലിറ്റര്‍ നാടന്‍ വാറ്റു ചാരായവും, ചാരായം ഉല്‍പാദിപ്പിക്കുന്നതിനായി പാകപ്പെടുത്തിയ 600 ലിറ്റര്‍ വാഷും കണ്ടെടുത്തു നശിപ്പിച്ചു. വാറ്റിനുപയോഗിക്കുന്നതിന് സൂക്ഷിച്ച പാത്രങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രിസ്തുമസ്, പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജമദ്യ നിര്‍മ്മാണം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റെയ്ഡ് നടത്തിയത്. പേരാമ്പ്ര എക്‌സൈസ് സള്‍ക്കിള്‍ ഓഫീസിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. വിജയന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍. സിറാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സി. ബാബു, കെ.സി. അമ്മദ്, എ.പി. അനീഷ്‌കുമാര്‍, കെ. ഗീരീഷ്‌കുമാര്‍, െ്രെഡവര്‍ ദിനേശന്‍ റെയ്ഡില്‍ പങ്കെടുത്തു. ഏതാനും ദിവസമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, മാഹിയില്‍ നിന്ന് കടത്തിക്കൊണ്ട് വന്നതുമായ മദ്യം എക്‌സൈസ് പാര്‍ട്ടി പിടികൂടിയിരുന്നു.