Connect with us

Kerala

ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ ആക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ തിരുത്ത്

Published

|

Last Updated

തിരുവനന്തപുരം: ഐ പി എസ്, ഐ എ എസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍. ഡിജിപി ജേക്കബ് തോമസ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയെന്ന നിലപാട് തിരുത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസ് തലപ്പത്തെ അഴിച്ചുപണി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സേനയെ സര്‍ക്കാര്‍ ചട്ടുകമാക്കിയെന്ന് നോട്ടീസ് നല്‍കിയ പി രാമകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍, അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അസഹിഷ്ണുതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ജേക്കബ് തോമസ് സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയാണെന്നും അദ്ദേഹം പറഞ്ഞു.

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ടില്‍ തന്റെ പേരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസുകളില്‍ മാത്രമാണ് തന്റെ പേര് വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.