മഴ ശമിച്ചു; ചെന്നെെ വിമാനത്താവളം 24 മണിക്കൂര്‍ പ്രവര്‍ത്തനം തുടങ്ങി

Posted on: December 7, 2015 11:06 am | Last updated: December 7, 2015 at 4:04 pm

Chennai airport

ചെന്നൈ: നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ചെന്നെ നഗരത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. മഴ ശമിച്ചതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായി. ഇന്ന് മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇന്നലെ ആഭ്യന്തര സര്‍വീസുകള്‍ക്കായി റണ്‍വേ തുറന്നുകൊടുത്തിരുന്നു. അതേസമയം, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ വിമാനത്താവളത്തിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ക്ക് മാന്വല്‍ ആയാണ് ബോര്‍ഡിംഗ് പാസ് നല്‍കിയത്.

കഴിഞ്ഞ രാത്രിക്ക് ശേഷം ചെന്നൈയില്‍ മഴ പെയ്തിട്ടില്ല. ഇതോടെ നഗരത്തില്‍ പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും ചളിയും അവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുകയാണ്. സാംക്രമിക രോഗങ്ങള്‍ പടരാന്‍ ഇത് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്. ചെന്നൈയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ സ്‌കൂളുകളും കോളജുകളും തുറന്നിട്ടില്ല.