പറവകള്‍ക്ക് കൂട്ടുകൂടാനൊരിടം

Posted on: December 6, 2015 11:08 pm | Last updated: December 8, 2015 at 8:25 pm
Birds open
ഷാര്‍ജയില്‍ ആരംഭിച്ച വാസിത് വെറ്റ്‌ലാന്റ് സെന്റര്‍ യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുറന്നുകൊടുക്കുന്നു

കണ്ണാടി കൂടും കൂട്ടി
കണ്ണെഴുതി പൊട്ടുംകുത്തി
കാവളം പൈങ്കിളി വായോ….

മുളയോല കൂടുകെട്ടി, ദേശത്തു നിന്നും വിദേശത്തുനിന്നും വരുന്ന കുഞ്ഞാറ്റ പൈങ്കിളികളെ വലവേല്‍ക്കാനൊരുങ്ങുന്ന ഒരു സംഘത്തിന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ എവിടെയോ കേട്ടുമറന്ന ഈ പാട്ടിന്‍ വരികള്‍ മനസിലേക്കോടിയെത്തുന്നു.
ഷാര്‍ജയില്‍ യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത വാസിത് വെറ്റ്‌ലാന്റ് സെന്റര്‍ ദേശാടനം ചെയ്‌തെത്തുന്നവര്‍ക്കും സ്വദേശികളുമായ പക്ഷികള്‍ക്ക് സങ്കേതമൊരുക്കുകയാണ്. വംശനാശത്തിന്റെ ഭീഷണിയില്‍ വേരറ്റുപോകുന്ന പറവകളുടെ സംരക്ഷണത്തിനായുള്ള ഒരു മഹാ ഉദ്യമം!

പ്രകൃതിയുടെ മനോഹാരിതയും വിസ്മയവുമാണ് പക്ഷികള്‍. അഴകുവിരിച്ച് മനോഹരമായി പാട്ടുപാടി, ആകാശ നീലിമയിലൂടെ പറന്നുകളിക്കുന്ന പറവകള്‍ തെല്ലൊന്നുമല്ല നമ്മെ വിസ്മയം കൊള്ളിക്കുന്നതും ആനന്ദിപ്പിക്കുന്നതും. അവയുടെ വര്‍ണ വൈവിധ്യങ്ങള്‍ കണ്ണുകളെ കുളിരണിയിപ്പിക്കാതെയിരിക്കുകയുമില്ല. പച്ച തത്തയുടെ പച്ചനിറവും മയിലിന്റെ കറുത്ത പീലികളും ചേറിലാണെങ്കിലും ഉടലിലെവിടെയും ചേറു പുരളാത്ത കൊക്കു (കൊറ്റി)കളും കണ്ണിനു മാത്രമല്ല സുഖം നല്‍കാറുള്ളത്.

പക്ഷികളുടെ പാട്ടു കേള്‍ക്കാന്‍ കൊതിയാവാത്ത കാതുകളുണ്ടാവില്ല. സംഗീതം പോലെ പറന്നെത്തുന്ന കിളിയൊച്ചകള്‍ സുഖം നല്‍കാത്ത ഹൃദയങ്ങളുണ്ടാവില്ല. അഴകും ശബ്ദവും കൊണ്ട് മനുഷ്യ മനസുകളെ കവരുമ്പോഴും അവയെ ഒന്നായി കൊന്നൊടുക്കിയാണ് മനുഷ്യര്‍ ‘പ്രത്യുപകാരം’ ചെയ്യുന്നത്! ലോകത്തെമ്പാടുമായി നിരവധി പക്ഷിവംശങ്ങള്‍ തന്നെ ഇതിനകം വേരറ്റുപോയി. നമ്മുടെ കാലഘട്ടത്തില്‍ കണ്ട് പരിചയിച്ച പക്ഷികളില്‍ പലതിനെയും ഇന്ന് കാണുന്നില്ല. വംശഹത്യയെന്ന ഇരുളടഞ്ഞ ആസന്ന ഭാവിയാണ് പലതിനെയും കാത്തിരിക്കുന്നത്. വസന്തങ്ങളില്‍ നമ്മുടെ ചക്രവാളങ്ങളെ മനോഹരമാക്കിയ സൃഷ്ടികളെ സംരക്ഷിക്കുക എന്നത് കാലഘട്ടം അവശ്യപ്പെടുന്ന ഏറ്റവും ഉദാത്തമായ ദൗത്യമാണ്. അവയുടെ ചിറകടിയൊച്ചയും കളകളാരവവും കേള്‍ക്കാതെ ഒരു തലമുറ ഭൂമിയില്‍ ജനിച്ചുവളരേണ്ടി വരുന്നത് ഇരുണ്ട ഭാവിയായേ കാണാനാവൂ. ഈ അവസരത്തിലാണ് ഷാര്‍ജയില്‍ നിന്നുള്ള ഹൃദയഹാരിയായ നീക്കം ശ്രദ്ധേയമാകുന്നത്.

ജീവികളുടെ നിലനില്‍പിന്ന് അടിസ്ഥാനഘടകമാണ് അവരുടെ ആവാസ വ്യവസ്ഥ. അവയുടെ പരിസ്ഥിതിക്കിണങ്ങുന്നതും ചലനാത്മകവുമായ ചുറ്റുപാടുകളില്‍ മാത്രമേ ജീവസന്ധാരണം നടത്താന്‍ ജീവി വര്‍ഗത്തിന് സാധിക്കൂ. ഓരോ ജീവിയും പരസ്പരാശ്രയത്തിലൂടെ പരിസ്ഥിതിയോട് സമരസപ്പെട്ടാണ് കഴിഞ്ഞുകൂടേണ്ടത്. എന്നാല്‍ മനുഷ്യന്റെ ലാഭക്കൊതിമൂലമുള്ള പ്രവൃത്തികള്‍ ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും വരുത്തിയ കേടുപാടുകള്‍ ചില്ലറയൊന്നുമല്ല. പല ജീവിവര്‍ഗങ്ങളും എന്നെന്നേക്കുമായി ഇല്ലാതായത് മനുഷ്യന്റെ ഈ ദുഷ്പ്രവൃത്തി മൂലമാണെന്നത് വ്യക്തമായിരിക്കുകയാണ്.

കിളികള്‍ പാടാതെ വസന്തങ്ങള്‍ മൂകമായത് കീടനാശിനി മൂലമാണെന്ന് ലോക പ്രശസ്ത ബയോളജിസ്റ്റ് റേച്ചര്‍ കാര്‍സണ്‍ പറയുകയുണ്ടായി. മനുഷ്യന്‍ പ്രകൃതിയോട് ഏറ്റുമുട്ടുന്നത് സ്വന്തത്തോട് ചെയ്യുന്ന യുദ്ധമാണെന്നും അവര്‍ കുറിച്ചിട്ടു. കാര്‍സന്റെ ‘നോ ബേര്‍ഡ്‌സ് സിംഗ്’ എന്ന പുസ്തകം ലോക വ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഇത്തരം സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിലൂടെയാണ്. ആവാസ നാശം, വന നശീകരണം, ഭക്ഷ്യ ധാന്യങ്ങളിലെ വിശാംശം. കൂടുകൂട്ടാന്‍ ഇടമില്ലായ്മ, ജലക്ഷാമം, അന്തരീക്ഷത്തിലെ ചില മാരകമായ മനുഷ്യനിര്‍മിത പ്രസരണങ്ങള്‍ തുടങ്ങിയവയൊക്കെയാണ് പറവകളുടെ നാശത്തിലേക്ക് എത്തിക്കുന്നത്. ഇത്തരമൊരവസ്ഥയിലാണ് ഷാര്‍ജയില്‍ അവയുടെ സംരക്ഷണത്തിനായി ശ്രദ്ധേയമായ നീക്കം നടക്കുന്നത്. കൃത്യമായ മുന്നൊരുക്കത്തോടെയും ജാഗ്രതയോടെയും ഉയര്‍ത്തിക്കൊണ്ടുവന്ന ഉദ്യമമാണിത്. ജി സി സി രാജ്യങ്ങളിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പ്രവര്‍ത്തനം.

Birds

ഷാര്‍ജയുടെ മധ്യമേഖലയിലെ പ്രദേശം പക്ഷികള്‍ക്ക് വാസയോഗ്യമാക്കിയെടുക്കാനുള്ള ഉദ്യമം തുടങ്ങുന്നത് 2006ലാണ്. ഷാര്‍ജ ഭരണാധികാരിയുടെ സൂക്ഷ്മമായ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണിത്. 2006ല്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് മാറിയുള്ള റംത്ത പ്രദേശം ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
2007ല്‍ പ്രദേശം പരിസ്ഥിതി സംരക്ഷിത മേഖലയായി പ്രഖ്യാപനം നടത്തി. അമീരി നമ്പര്‍ 7 ആയി പുറത്തിറങ്ങിയ ഉത്തരവില്‍ നാനാ ജീവികളുടെ ജൈവ സമൂഹത്തിനു ഗുണമാകുന്ന രീതിയില്‍ മേഖല വികസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്താനും നിര്‍ദേശിക്കുകയുണ്ടായി. 90കളില്‍ ആരും തിരിഞ്ഞുനോക്കാത്ത അഴുക്കുവെള്ളം നിറഞ്ഞ ചതുപ്പുനിലവും മാലിന്യങ്ങള്‍ തള്ളുന്ന പ്രദേശവുമായിരുന്നു ഇത്. അമീരി ഉത്തരവിനു പിറകെ 4,500 മീറ്റര്‍ സ്‌ക്വയറിലുള്ള പ്രദേശം (450 ഹെക്ടര്‍)നവീകരിക്കുന്നതിനുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പക്ഷികളെയും പറവകളെയും ആകര്‍ഷിക്കാനുതകുന്ന തരത്തിലുള്ള നിര്‍മാണങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം സുരക്ഷിതമാക്കുന്നതിന് പ്രദേശത്ത് കയ്യാലയും നിര്‍മിച്ചു. നിരവധി ദ്വീപുകള്‍ നിര്‍മിച്ചു. ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമൊരുക്കി, ശുദ്ധജലം ലഭ്യമാക്കുന്നതിന് 15ഓളം കിണറുകള്‍ നിര്‍മിച്ചു. പാറക്കെട്ടുകളും ജലസേചന സൗകര്യവുമൊരുക്കി. വായു ശുദ്ധീകരിക്കുന്നതിനും പറവകള്‍ക്ക് സുരക്ഷിതമായ സൗകര്യമൊരുക്കുന്നതിനും 35,000ത്തോളം വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചു. നഗരസഭ നഴ്‌സറിയില്‍ ഇതിനായി പ്രത്യേകം ബഡ്ഡിംഗ് നടത്തിയ വൃക്ഷങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. പക്ഷികള്‍ക്ക് അടയിരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. 40,000 ക്യൂബിക് മീറ്റര്‍ അഴുക്കുവെള്ളം ഇവിടെ നിന്ന് മാറ്റപ്പെട്ടു.

രണ്ടാംഘട്ടം തുടങ്ങിയത് വിശാലമായ പ്രദേശത്തെ ഹൈവേയോട് ചേര്‍ന്ന് കെട്ടിടങ്ങളുടെയും നിര്‍മാണങ്ങളുടെയും അവശിഷ്ടങ്ങള്‍ തള്ളിയിരുന്നത് ശുദ്ധീകരിച്ചായിരുന്നു. ദേശീയപാതയില്‍ നിന്നും കൈവഴികള്‍ തീര്‍ത്ത് സന്ദര്‍ശകര്‍ക്കും മറ്റും എത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. പ്രദേശത്തെ രാസവൈവിധ്യങ്ങള്‍ പരിശോധനാ വിധേയമാക്കുകയും നൈട്രജന്‍ സാന്നിധ്യം കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമായിരുന്നു പിന്നീടത്തെ ദൗത്യം. മണ്ണിന് ആവശ്യമായ അമോണിയ പോലുള്ളവ ക്രമീകരിക്കാനും നീക്കമുണ്ടായി.

പുതിയ ആവാസ വ്യവസ്ഥ രൂപപ്പെടുന്നതോടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം അതിഥികള്‍ വാസിത് കേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരുന്നു. യു എ ഇയില്‍ തന്നെ വംശമറ്റുപോകുന്നുവെന്ന് ഭയപ്പെട്ടിരുന്ന ചില പറവകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പറവകള്‍ക്കൊപ്പം മറ്റു ജീവി വര്‍ഗത്തിനുംകൂടി സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറായി. വിശാലമായ പ്രദേശത്തിന്റെ വൈവിധ്യതയും കിടപ്പും ഇതിന് സഹായകരമാകുകയും ചെയ്തു. എതോപ്യന്‍ മുള്ളന്‍പന്നിയും ബലൂചിസ്ഥാനില്‍ നിന്നുള്ള ഒരുതരം മരുഭൂ എലികളും വാസിതില്‍ എത്തുന്നത് അങ്ങനെയാണ്.
സുരക്ഷിതമായ കയ്യാല നിര്‍മിച്ചതിനാല്‍ കാട്ടുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഇവിടെയെത്തി ജീവികളെ പിടിച്ചുതിന്നുന്നതിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്തു.
ഇപ്പോള്‍ 60 ഇനം പക്ഷികള്‍ വാസിതിലുണ്ട്. ഞാറപക്ഷികള്‍, കൊക്കുകള്‍, കളഹംസം (ഹംസം ഇനത്തില്‍ ബാക്കിയായ ഏക പക്ഷി ഇനം), പര്‍പ്പിള്‍ ഷാംപെന്‍, നാര പക്ഷി (പെലിക്കണ്‍), അരയന്നം തുടങ്ങി വംശമറ്റു പോകുമെന്ന് ഭയപ്പെടുന്ന നിരവധി ജീവജാലങ്ങള്‍ക്ക് മതിയായ സംരക്ഷണമൊരുക്കുകയാണ് വാസിത് സെന്റര്‍.

2015ലെ അറബ് ടൂറിസം തലസ്ഥാനമായി ഷാര്‍ജ തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാസിത് സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതില്‍ ഏറെ പ്രസക്തിയുമുണ്ട്.
വ്യവസായിക നിര്‍മാണ വികസനത്തിന്റെ യഥാര്‍ഥ ഇര മണ്ണും പ്രകൃതിയുമാണ്. സമ്പന്നമായ ആവാസ വ്യവസ്ഥയായിരുന്നു ഭൂമിയിലുണ്ടായിരുന്നത്. വനവും പുഴയും നീര്‍ച്ചാലുകളും നിറഞ്ഞ ഭൂമിയില്‍ ജീവല്‍സ്രോതസിന്റെ ആരോഗ്യകരമായ നിലനില്‍പുണ്ടായിരുന്നു. അവ തകരുന്നതിന്റെ ദുസ്സൂചനകള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഷാര്‍ജയില്‍ നിന്നൊരു ശുഭവാര്‍ത്ത ലഭിക്കുന്നത്. വാസിത് ചതുപ്പ് നിലകേന്ദ്രത്തിന്റെ പ്രസക്തിയും പ്രാമുഖ്യവും അതുകൊണ്ടുതന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നതും