സൂപ്പര്‍ ക്ലാസ് ബസിന്റെ സൂപ്പര്‍ കൊള്ള; നടപടികള്‍ തുടങ്ങി

Posted on: December 6, 2015 7:10 am | Last updated: December 6, 2015 at 7:10 am

വേങ്ങര: സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടക്കുന്ന സൂപ്പര്‍ കൊള്ളക്കെതിരെ നടപടികള്‍ തുടങ്ങി. സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളുടെ പേരില്‍ നിരവധി വാഹനങ്ങളാണ് യാത്രക്കാരെ ചൂഷണം ചെയ്യുന്നത്. ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി തീര്‍ന്നാല്‍ പുതുക്കി നല്‍കുമ്പോള്‍ ഓര്‍ഡിനറി പെര്‍മിറ്റാണ് നല്‍കുന്നത്. ഇത് സംബന്ധിച്ച് മൂന്ന് മാസം മുമ്പ് വന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. എന്നാല്‍ പെര്‍മിറ്റ് കാലാവധി തീര്‍ന്ന് ഓര്‍ഡിനറി ബസായി പെര്‍മിറ്റ് പുതുക്കി നല്‍കിയ ദീര്‍ഘദൂര ബസുകളാണ് പതിവായി ചൂഷണം നടത്തുന്നത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡുകള്‍ വെച്ച് നേരത്തേയുള്ള ടിക്കറ്റ് സംവിധാനം ഉപയോഗിച്ചാണ് യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നത്. ഓര്‍ഡിനറി ബസിന്റെ ചാര്‍ജിന്റെ ഇരുപത് ശതമാനത്തിലധികം രൂപയാണ് ഇത്തരം ബസുകളുടെ സൂപ്പര്‍കൊള്ള. നേരത്തെ ബസുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ പെര്‍മിറ്റ് ലഭിച്ച സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞാല്‍ നാല് മാസത്തേക്ക് ഓര്‍ഡിനറി ബസ് പെര്‍മിറ്റാണ് നല്‍കുന്നത്. ഈ പെര്‍മിറ്റ് ആവശ്യമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കി പുതുക്കി ഓര്‍ഡിനറിയായി ഓടുകയാണ് വേണ്ടത്. ഇത് മറച്ച് വെച്ചാണ് സൂപ്പര്‍ ഫാസ്റ്റെന്ന പേരില്‍ ദീര്‍ഘദൂര ബസുകള്‍ വന്‍ ചൂഷണം നടത്തുന്നത്.

മൂന്ന് സൂപ്പര്‍ ഫാസ്റ്റ്
ബസുകള്‍ക്കെതിരെ നടപടി
വേങ്ങര: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പിടികൂടി. കണ്ണൂര്‍-എറണാകുളം റൂട്ടിലോടുന്ന ഒരു ബസും, തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന രണ്ട് ബസുകളുമാണ് ഇന്നലെ കളരിയാട് ദേശീയ പാതയില്‍ വെച്ച് പിടികൂടിയത്. നേരത്തെ സൂപ്പര്‍ ക്ലാസ് ഗണത്തില്‍പ്പെട്ടിരുന്ന ഈ ബസുകള്‍ ഓര്‍ഡിനറിയായിട്ടും സൂപ്പര്‍ ഫാസ്റ്റെന്ന വ്യാജേന അമിത ചാര്‍ജ് ഈടാക്കിയതിനാണ് നടപടി. ചൂഷണം ചെയ്ത ബസുകള്‍ക്കെതിരെ നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കണ്ടക്ടര്‍ക്കെതിരെയും നടപടികളുണ്ടാവും. ആര്‍ ടി ഒ അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം തിരൂരങ്ങാടി അസിസ്റ്റന്റ് എം വി ഐ. പി കെ ശഫീഖാണ് വാഹനങ്ങള്‍ പിടികൂടിയത്.