മുട്ടയും പാലും പഴവും: ഊട്ടുപുര കുശാല്‍

Posted on: December 6, 2015 6:14 am | Last updated: December 6, 2015 at 6:58 am

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളക്കെത്തിയ പ്രതിഭകളെ വരവേല്‍ക്കുന്ന വിശാലമായ ഊട്ടുപുര ശ്രദ്ധേയമാകുന്നു. മത്സരം നടക്കുന്ന മെഡിക്കല്‍കോളജ് ഗ്രൗണ്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സാവിയോ ഹൈസ്‌കൂളിലാണ് 5000 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കിക്കൊണ്ട് ഭക്ഷണപ്പുര പ്രവര്‍ത്തിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നഗരസഭാ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് പാല്‍കാച്ചിയതോടെയാണ് ഊട്ടുപുര ഉണര്‍ന്നത്. തുടര്‍ന്ന് രാത്രി വിവിധ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമായി നാലായിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പി. പാചകത്തിന് പഴയിടം മോഹനന്‍ നമ്പൂതിരിയാണ് നേതൃത്വം നല്‍കുന്നത്.
ചോറും സാമ്പാറും ഉപ്പേരിയും അവിയലുമൊക്കെയായി വെള്ളിയാഴ്ച രാത്രി കടന്നുപോയെങ്കിലും ശനിയാഴ്ച രാവിലെ പാലും മുട്ടയും പഴവുമായിട്ടാണ് ഊട്ടുപുര മത്സരാര്‍ഥികളെ വരവേറ്റത്. ഉച്ചക്ക് ചോറിനും സാമ്പാറിനും കൂട്ടുകറികള്‍ക്കും പുറമെ പായസവും ഉണ്ടായിരുന്നു. കായികമേളയായതിനാല്‍ ബീഫും ചിക്കനും മാറിമാറി സ്‌പെഷ്യല്‍ ഇനമായി ഉച്ചഭക്ഷണത്തോടൊപ്പമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഗ്രൗണ്ടില്‍ നിന്ന് സ്ഥിരമായി മൂന്ന് ബസുകളാണ് ഊട്ടുപുരയിലേക്ക് ഇടവിട്ട് സര്‍വീസ് നടത്തുന്നത്. മൊത്തം 50 പേരടങ്ങുന്ന പഴയിടത്തിന്റെ ടീം പാചകത്തിന് നേതൃത്വം നല്‍കുമ്പോള്‍ 250 പേരടങ്ങുന്ന അധ്യാപക വളണ്ടിയര്‍ സംഘമാണ് ഊട്ടുപുരയുടെ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്. എ പ്രദീപ് കുമാര്‍ എം എല്‍ എ ചെയര്‍മാനും പി കെ സതീശ് കണ്‍വീനറുമായ സംഘാടക സമിതിയും സജീവമാണ്. മൊത്തം 12 ലക്ഷം രൂപയാണ് ഭക്ഷണ ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, ഇത് അപര്യാപ്തമാണെന്ന പരാതി സംഘാടകര്‍ക്കുണ്ട്.