ദ.കൊറിയന്‍ തലസ്ഥാനത്ത് പടുകൂറ്റന്‍ തൊഴിലാളി റാലി

Posted on: December 6, 2015 12:09 am | Last updated: December 6, 2015 at 10:02 am

S.KOREAസിയോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നു. പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍-ഹൈ വ്യാപാര അനുകൂല തൊഴില്‍ നിയമത്തിന് യത്‌നിക്കുകയാണെന്നും വ്യക്തി സ്വാതന്ത്ര്യത്തേയും രാഷ്ട്രീയ സ്വാതന്ത്ര്യത്തേയും ആക്രമിക്കുകയാണെന്നും കുറ്റപ്പെടുത്തിയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പിതാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തെ വാഴ്ത്താനുള്ള ശ്രമമാണ് പ്രസിഡന്റിന്റേതെന്ന് മാര്‍ച്ച് സംഘടിപ്പിച്ച തൊഴിലാളികള്‍, ക്യഷിക്കാര്‍, സിവില്‍ സംഘടനകള്‍ എന്നിവര്‍ കുറ്റപ്പെടുത്തി. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുഖംമൂടി ധരിക്കരുതെന്ന പാര്‍ക്കിന്റെ ആഹ്വാനത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് നിരവധി പേര്‍ മുഖംമൂടി ധരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
ഏകദേശം 30,000ത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സ്‌കൂളുകളിലേക്കു പുതിയ ചരിത്ര പുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കാനും തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിച്ച് തൊഴിലാളികളെ എളുപ്പത്തില്‍ പിരിച്ചുവിടാനും തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കാനുമുള്ള നടപടികളടക്കമുള്ള ജനദ്രോഹ നയങ്ങളുടെ പേരില്‍ ഭരണകൂടത്തിനെതിരെ ജനങ്ങളില്‍ കടുത്ത അതൃപ്തിയുണ്ട്.
മൂന്ന് ആഴ്ച മുമ്പ് 70,000 പേര്‍ പങ്കെടുത്ത റാലി നടന്ന തെരുവില്‍ നിന്നാണ് ഇന്നലെയും റാലി ആരംഭിച്ചത്. റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും സംഘാടകര്‍ സിയോള്‍ ഭരണകൂട കോടതിയെ സമീപിക്കുകയായിരുന്നു.