നാലാം ടെസ്റ്റ്: ലീഡ് 400 കടന്ന് ഇന്ത്യ

Posted on: December 5, 2015 11:50 pm | Last updated: December 5, 2015 at 11:50 pm

Imran Tahir of South Africa reacts after a delivery  during day three of the 4th Paytm Freedom Trophy Series Test Match between India and South Africa held at the Feroz Shah Kotla Stadium in Delhi, India on the 5th December 2015 Photo by Ron Gaunt  / BCCI / SPORTZPICS

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് വിരാട് കോഹ്‌ലിയുടെയും ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ അജിങ്ക്യ രഹാനെയുടെയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തിട്ടുണ്ട്. രണ്ട് ഇന്നിംഗ്‌സിലുമായി ഇന്ത്യക്കിപ്പോള്‍ 403 റണ്‍സിന്റെ ലീഡായി. സ്‌കോര്‍: ഇന്ത്യ: 334, 190/4, ദക്ഷിണാഫ്രിക്ക: 121.
രണ്ടാം ഇന്നിംഗിസിന്റെ തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് വിരാട് കോഹ്‌ലി (83 നോട്ടൗട്ട്)യും അജിങ്ക്യ രഹാനെ(52 നോട്ടൗട്ട് ) യും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 133 റണ്‍സ് എടുത്തിട്ടുണ്ട്. നാല് വിക്കറ്റിന് 57 റണ്‍സ് എന്ന നിലയില്‍ പതറിയ ഘട്ടത്തിലാണ് കോഹ്‌ലി- രഹാനെ സഖ്യം ഇന്ത്യയുടെ രക്ഷക്കെത്തിയത്.
നാല് റണ്‍സെടുക്കുന്നതിനിടെ ഓപണര്‍ മുരളി വിജയ്‌യെ (3) ഇന്ത്യക്ക് നഷ്ടപ്പെട്ടു. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാമനായി ഇറങ്ങിയ രോഹിത് ശര്‍മ ഡക്കായി. മോര്‍ക്കലിന്റെ പന്തില്‍ ബൗള്‍ഡായാണ് രോഹിത് പുറത്തായത്. മൂന്നാം വിക്കറ്റില്‍ ധവാനും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 53ല്‍ നില്‍ക്കെ 21 റണ്‍സെടുത്ത ധവാനെയും മോര്‍ക്കല്‍ ബൗള്‍ഡാക്കി. 28 റണ്‍സുമായി ചേതേശ്വര്‍ പുജാരയും തൊട്ടുപിന്നാലെ പുറത്തായതോടെ ഇന്ത്യയെ വമ്പന്‍ തകര്‍ച്ചയെ തുറിച്ചു നോക്കി. എന്നാല്‍ സാഹചര്യം മനസ്സിലാക്കി കളിച്ച കോഹ്‌ലി- രഹാനെ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു.