Connect with us

Sports

ഇല്ലായ്മയോട് പൊരുതി അനുമോള്‍ സ്വര്‍ണമണിഞ്ഞു

Published

|

Last Updated

കോഴിക്കോട്: ട്രാക്കിലിറങ്ങുമ്പോള്‍ അനുമോള്‍ക്ക് ഒരായിരം പ്രതീക്ഷകളാണ്. തലചായ്ക്കാന്‍ ഒരു കൊച്ചുവീട് ഉള്‍പ്പെടെ അനുമോളുടെ ആഗ്രഹങ്ങളും ഒരുപിടിയാണ്. വീടെന്ന സ്വപ്‌ന സാക്ഷാത്കാരം ഉള്ളിലൊതുക്കി 3,000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനെ മറികടന്നാണ് അനുമോള്‍ തമ്പി ഒന്നാമതെത്തിയത്.കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനുമോള്‍. രണ്ട് വര്‍ഷം മുമ്പ് കെ ആര്‍ ആതിര 9.54 മിനുട്ട് കൊണ്ട് മറികടന്ന ദൂരം വെറും 9 മിനുട്ട് 41 സെക്കന്‍ഡ് ഓടിയെത്തിയാണ് അനുമോള്‍ റെക്കോര്‍ഡിട്ടത്.
2008 ല്‍ കൊല്‍ക്കത്തയില്‍ ഉത്തര്‍പ്രദേശ് താരം ഋതു ദിനകറിന്റെ 10.00.03 മിനുട്ടിന്റെ പ്രകടനം മറികടന്നാണ് അനുമോള്‍ ദേശീയ റെക്കോര്‍ഡിനുടമയായത്. ഇടുക്കി കമ്പിളിക്കണ്ടം കളത്തില്‍വീട്ടില്‍ തമ്പി- ഷൈനി ദമ്പതികളുടെ മകളായ അനു ഇത്തവണ 800, 1500 മീറ്റര്‍ ഓട്ടത്തിലും മാറ്റുരക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക പരാധീനതകള്‍ക്കുമിടയില്‍ കഠിനാധ്വാനം കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടുമാണ് ഈ വിദ്യാര്‍ഥിനി നേട്ടങ്ങള്‍ കൊയ്യുന്നത്. 2014 ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിയും ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി മികവ് തെളിയിച്ചിട്ടുണ്ട് അനുമോള്‍. ബേസില്‍ സഹോദരനാണ്.

Latest