Connect with us

Kerala

'ഭാരത് ധര്‍മ ജനസേന' വെള്ളാപ്പള്ളിയുടെ പാര്‍ട്ടി

Published

|

Last Updated

ഭാരത് ധര്‍മ ജനസേന;
പാര്‍ട്ടി പ്രഖ്യാപിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശംഖുമുഖത്ത് നടന്ന സമത്വ മുന്നേറ്റ യാത്ര സമാപന സമ്മേളനത്തിലാണ് ഭാരത് ധര്‍മ ജനസേന (ബി ഡി ജെ എസ്) എന്ന പേരില്‍ വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തവിട്ടും വെളുപ്പും ചേര്‍ന്ന പാര്‍ട്ടി പതാകയും പാര്‍ട്ടി ചിഹ്നവും പരിപാടിയില്‍ അവതരിപ്പിച്ചു. കൂപ്പുകൈയാണ് ചിഹ്നം. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് മതേതര സ്വഭാവത്തിലൂന്നിയുള്ള പ്രവര്‍ത്തനത്തിലൂടെ എല്ലാവര്‍ക്കും നീതിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇരുപക്ഷവും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടക്കുന്നത്. ഓരോ അഞ്ച് വര്‍ഷം വീതവും എല്‍ ഡി എഫും യു ഡി എഫും മാറിമാറി ഭരിച്ച് ഖജനാവ് കൊള്ളയടിക്കുകയാണ്. പെണ്‍വാണിഭവും അഴിമതിയും മാത്രമാണ് നിയമസഭകളിലെ ചര്‍ച്ചയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

BDJS
പ്രസംഗത്തിലുടനീളം വി എസിനെയും ഇടതുപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിച്ച വെള്ളാപ്പള്ളി, ജാതി തിരിച്ചുള്ള വിവിധ ആനുകൂല്യങ്ങളുടെയും സഹായങ്ങളുടെയും കണക്കുകള്‍ നിരത്താനും മറന്നില്ല. ജാതിയും മതവും വര്‍ണവുമില്ലെന്ന് തുടരെത്തുടരെ ആവര്‍ത്തിക്കുമ്പോഴും മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളുമായി ഹിന്ദു സമൂദായത്തെ താരതമ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് പ്രസംഗത്തിലൂനീളം നിറഞ്ഞുനിന്നത്. പ്രതിപക്ഷ നേതാവിന്റെ വില മാത്രമാണ് ഇപ്പോള്‍ വി എസിനുള്ളത്. പദവിയില്ലെങ്കില്‍ വി എസ് വെറും അച്ചാണെന്നും വി എം സുധീരനും വി എസും കുലംകുത്തികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുതിയ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് യോഗത്തില്‍ സംസാരിച്ച എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

 

Latest