Connect with us

Thiruvananthapuram

ക്ഷേമ പെന്‍ഷനുകള്‍ ബേങ്ക് വഴി; ലീഗല്‍ സര്‍വീസസ് അതോറിറ്റികളില്‍ സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം: കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്താന്‍ മന്ത്രിസഭ തീരുമാനം. ജലപാത കമ്മീഷന്‍ ചെയ്ത് ഉടന്‍ ചരക്ക് ഗതാഗതം ആരംഭിക്കുന്നതിന് ഉദേ്യാഗമണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്തും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് 150 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. തുക കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന് നല്‍കും. കോവില്‍തോട്ടം പാലം നിര്‍മിക്കുന്നതിന് കെ എം എം എല്ലിന്റെ വിഹിതമായ 50 ശതമാനം തുക തത്കാലം സര്‍ക്കാറില്‍ നിന്ന് നല്‍കും. സാമ്പത്തിക സ്ഥിതി മെച്ചമാകുന്ന മുറക്ക് ഈ തുക കെ എം എം എല്ലില്‍ നിന്ന് ഈടാക്കുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പോസ്റ്റോഫീസ് സേവിംഗ്‌സ് ബേങ്ക് വഴി പെന്‍ഷന്‍ കിട്ടുന്നതില്‍ കാലതാമസം ഉണ്ടാകുന്നവര്‍ക്ക് ബേങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് 2016 ജനുവരി 15 വരെ ഓപ്ഷന്‍ നല്‍കാന്‍ അവസരമൊരുക്കും. ക്ഷേമ പെന്‍ഷനുകള്‍ താമസംകൂടാതെ ലഭിക്കുന്നതിനാണിത്. ഓപ്ഷന്‍ നല്‍കുന്നവര്‍ക്ക് 2016 ജനുവരി 15 മുതല്‍ ബേങ്കുവഴി പെന്‍ഷന്‍ നല്‍കും. അതുവരെ നിലവിലെ സംവിധാനം തുടരും. ഇലക്‌ട്രോണിക് മണി ഓര്‍ഡര്‍ വഴിയും നിലവില്‍ ബേങ്കുകള്‍ വഴിയും പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അത് തുടരാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളില്‍ മുഴുവന്‍സമയ സെക്രട്ടറിമാരുടെ തസ്തികകള്‍ സൃഷ്ടിക്കും. ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ മുഖേന സബ് ജഡ്ജിമാരെ ഈ തസ്തികകളില്‍ നിയമിക്കും. ഇതുമായി ബന്ധപ്പെട്ട് മറ്റ് തസ്തികകളോ അധിക ചെലവോ അനുവദിക്കില്ല.
വില ഉയര്‍ന്ന 13 ഇനം പച്ചക്കറികള്‍ 30 ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യുന്നതിന് ഹോര്‍ട്ടികോര്‍പ്പിന് അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്ന ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതുതായി 51 തസ്തികകള്‍ സൃഷ്ടിക്കും.
ചെറുകിട കര്‍ഷകരില്‍ നിന്നും 150 രൂപക്ക് റബ്ബര്‍ സംഭരിക്കുന്ന പദ്ധതി നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി നിലനിര്‍ത്തി സംഭരണം വേഗത്തിലാക്കാന്‍ ശ്രമിക്കും. ഈമാസം ഒമ്പത്, 10, 11 തീയതികളില്‍ മന്ത്രിമാര്‍ ഡല്‍ഹിയില്‍ കേരളത്തിനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇക്കൂട്ടത്തില്‍ റബ്ബര്‍ വിഷയവും ചര്‍ച്ച ചെയ്യും. കാലതാമസമില്ലാതെ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനെ നിയമിച്ച് ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Latest