കേരള റിയല്‍ എസ്റ്റേറ്റ് ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക്

Posted on: December 4, 2015 6:00 am | Last updated: December 4, 2015 at 12:34 am
SHARE

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളും ചൂഷണവും തടയുന്നതിന്റെ ഭാഗമായുള്ള 2015ലെ കേരള റിയല്‍ എസ്റ്റേറ്റ് ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ബില്‍ പാസാകുന്നതോടെ സംസ്ഥാനത്തെ ഭുമിയിടപാടുകളും ഫ്‌ളാറ്റുകളുടെയും വീടുകളുടെയും വില്‍പനയും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ നിയമ വിധേയമാകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉപഭോക്താക്കളുടെ സംരക്ഷണാര്‍ഥം പ്രത്യേക അതോറിട്ടിയും ഒരു അപ്പലേറ്റ് ട്രൈബ്യൂണലും രൂപവത്ക്കരിക്കും.
സോളാര്‍ വിഷയത്തില്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് മന്ത്രി മഞ്ഞളാംകുഴി ബില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളം കാരണം ബില്ലിന്മേലുള്ള ചര്‍ച്ച സ്പീക്കര്‍ ഒഴിവാക്കി. ഒരു വര്‍ഷത്തോളമായി റിയല്‍ എസ്റ്റേറ്റ് ഓര്‍ഡിനന്‍സ് നിലവിലുണ്ട്. കഴിഞ്ഞ സഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും കഴിഞ്ഞില്ല. നിര്‍മാണത്തിനുള്ള അനുമതിയും രേഖകളുമില്ലാതെ പരസ്യം നല്‍കി ആവശ്യക്കാരില്‍നിന്ന് പണം തട്ടുന്നത് തടയാന്‍ പുതിയ നിയമം വഴിയൊരുക്കും.
കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഏര്‍പ്പെടുത്താതിരിക്കുക, നിലവാരം കുറഞ്ഞ സാധന സാമഗ്രികള്‍ ഉപയോഗിക്കുക, നിശ്ചിത സമയത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറാതിരിക്കുക, അംഗീകൃത പ്ലാനില്‍നിന്ന് വ്യതിചലിച്ച് നിര്‍മാണം നടത്തുക, ബില്‍ഡറുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തുക, മതിയായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക തുടങ്ങിയ പരാതികള്‍ക്കുള്ള പരിഹാരമാണ് നിയമ നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫഌറ്റുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ബിസിനസ്സ്, ഐ ടി, ഐ ടി ഇ എസ് കെട്ടിടങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നതിന് വേണ്ടി ഉപഭോക്താക്കളില്‍നിന്ന് മുന്‍കൂര്‍ പണം സ്വീകരിക്കണമെങ്കില്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യണം. നിര്‍മാണം നടത്തുന്നവരുടെ സാമ്പത്തികവും സാങ്കേതികവുമായ വിശദാംശങ്ങള്‍ അതോറിറ്റിയെ അറിയിക്കണം. നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. പണം സ്വീകരിക്കുന്നതിനായി പരസ്യം ചെയ്യണമെങ്കില്‍ അതോറിറ്റിയുടെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. കെട്ടിടം വാങ്ങുന്നയാള്‍ കരാറില്‍ നിന്ന് അന്യായമായി വ്യതിചലിച്ചാല്‍ നിര്‍മാതാക്കള്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാനും അവസരമുണ്ട്. ഫഌറ്റുകള്‍ ഉടമകള്‍ക്ക് യഥാസമയം കൈമാറുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കെട്ടിട നിര്‍മാത്തിനുള്ള പെര്‍മിറ്റ്, ഭൂമിയുടെ കൈവശാവകാശ രേഖ, ബന്ധപ്പെട്ട മറ്റ് രേഖകള്‍ തുടങ്ങിയവ അതോറിറ്റിയില്‍ സമര്‍പ്പിച്ച് റജിസ്‌ട്രേഷന്‍ വാങ്ങിയശേഷമെ ഇത്തരം ഇടപാടുകള്‍ നടത്താന്‍ അനുവാദമുള്ളൂ. അതോറിട്ടിയുടെ തീരുമാനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ എതിരെയുള്ള അപ്പീലുകള്‍ പരിഗണിച്ച് തീര്‍പ്പാക്കുകയാണ് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിയുടെ ചുമതലയെന്നും ബില്‍ അനുശാസിക്കുന്നു.