തെറ്റായ പ്രചാരണങ്ങളില്‍ മന്ത്രിസഭക്ക് അമര്‍ഷം

Posted on: December 3, 2015 8:42 pm | Last updated: December 3, 2015 at 8:42 pm

ദോഹ: രാജ്യത്തിന്റെ യശസ്സ് തകര്‍ക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പെരുപ്പിച്ച് അവതരിപ്പിക്കുകയാണെന്ന് ഖത്വര്‍ മന്ത്രിസഭ. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് മഴയെത്തുടര്‍ന്നുണ്ടായ ചെറിയ പരുക്കുകള്‍ വലുതാക്കി പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങളെന്ന് അഭിപ്രായമുയര്‍ന്നത്.
പ്രാദേശിക മാധ്യമങ്ങളും രാജ്യാന്തര മാധ്യമങ്ങളും ഈ രീതി സ്വീകരിക്കുന്നുണ്ട്. മഴയില്‍ സംഭവിച്ച പരുക്കുകളേക്കാള്‍ പര്‍വതീകരിച്ച വാര്‍ത്തകളാണ് വരുന്നത്. ഇല്ലാത്ത സംഭവങ്ങളും ഊഹങ്ങളും വാര്‍ത്തകളായി വരുന്നുണ്ട്. കണ്ടെത്തിയ ചെറിയ പിഴവുകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ കാബിനറ്റ് വിലയിരുത്തി. തുടര്‍ന്ന് ഇത്തരം പിഴവുകള്‍ ഇല്ലാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. മഴക്കെടുതികള്‍ ഇല്ലാതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി അധ്യക്ഷത വഹിച്ചു.
അടുത്ത വര്‍ഷത്തെ പൊതുബജറ്റിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഖത്വര്‍ നാഷനല്‍ വിഷന്‍ 2030ല്‍ ഉള്‍പെടുത്തിയ സമഗ്ര വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്. സാമൂഹിക, പാരിസ്ഥിതിക വികസനം വിഷന്‍ ലക്ഷ്യം വെക്കുന്നു. 2022ലെ ലോകകപ്പ് മുന്നില്‍ കണ്ട് ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍രാജ്യത്തു നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ ധനനീക്കിവെപ്പ് ബജറ്റിലുണ്ടാകും. എണ്ണയിതര മേഖലയുടെ വികസനത്തിന് ബജറ്റ് ശ്രദ്ധ കൊടുക്കുന്നു. വാണിജ്യ വൈവിധ്യവത്കരണത്തിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് ബജറ്റ് ലക്ഷ്യം വെക്കുന്നുണ്ട്.
സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന സ്വകാര്യമേഖലയുടെ വികസനത്തിനും വിവിധ പദ്ധതികള്‍ക്കും ബജറ്റ് തുക നീക്കി വെക്കുന്നു. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതകളും നിയമനിര്‍ദേശങ്ങളും ബജറ്റിലുണ്ട്. കമേഴ്‌സ്യല്‍ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനകള്‍ കൊണ്ടു വരുന്ന നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച് തുടര്‍നടപടികള്‍ക്കായി അഡൈ്വസറി കൗണ്‍സിലിനു വിട്ടു. കമേഴ്‌സ്യല്‍, ഇന്‍ഡസ്ട്രിയല്‍ സ്റ്റോഴ്‌സുകളുടെ മേല്‍ നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത് ആറുമാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.