Connect with us

Wayanad

മാനന്തവാടി ടൗണ്‍ഹാള്‍ വിട്ടുനല്‍കണമെന്ന കോടതി വിധി: മുന്‍ ഭരണസമിതിയുടെ ഗുരുതരവീഴ്ചയെന്ന് ആരോപണം

Published

|

Last Updated

മാനന്തവാടി: നാല് പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തില്‍ മാനന്തവാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഉടമക്ക് നല്‍കണമെന്ന കോടതി വിധിക്ക് കാരണം മുന്‍ ഭരണസമിതിയുടെ ഗുരുതര വീഴ്ചയാണെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ ഒത്താശയുള്ളതായും ആരോപണമുയരുന്നു.
സുപ്രധാനമായ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ലെന്നും അഭിഭാഷകനുമായി പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കേസ് സംബന്ധമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പറയപ്പെടുന്നു. ഇത് സ്ഥലം ഉടമക്ക് വേണ്ടിയുള്ള ഒത്ത് കളിയുടെ ഭാഗമായാണെന്നും പരാതിയുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മര്‍മ പ്രധാനമായ സ്ഥലത്തിന്റെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ബോര്‍ഡ് മീറ്റിംഗില്‍ ഒരു വിധ ചര്‍ച്ചയും ഉണ്ടായിട്ടില്ല. ജൂണ്‍ 25ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും ഈ വിവരം അറിയാവുന്ന ഉദ്യോഗസ്ഥര്‍ ഇത് മറച്ച് വെക്കുകയായിരുന്നു. ബോര്‍ഡ് മീറ്റിംഗിലോ ഭരണ സമിതി യോഗത്തിലോ കേസ് സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചകളോ ഒന്നും തന്നെ നടത്തിയിട്ടില്ല. ഇതെല്ലാം ഭരണസമിതിയിലെ ചിലരുടെ സ്ഥലത്തിന്റെ ഉടമയായ വ്യക്തിയുടെ അടുത്ത ആളായി അറിയപ്പെടുന്ന കോണ്‍ഗ്രസിലെ പ്രമുഖ വ്യക്തിയുടെ ഒത്ത് കളിയുടെ ഭാഗമാണെന്നാണ് പ്രധാന ആരോപണം. കേസ് കോടതിയില്‍ ആയിരിക്കുമ്പോഴും ഓരോ വര്‍ഷത്തേയും ബജറ്റില്‍ ടൗണ്‍ ഹാള്‍ നവീകരണമെന്ന പേരില്‍ വന്‍തുക നീക്കി വെക്കാറുമുണ്ടായിരുന്നു. നവീകരണത്തിന്റെ ഭാഗമായി ഈ കെട്ടിടം പൊളിപ്പിക്കുന്നതിനാല്‍ ഹാള്‍ വാടകക്ക് വിട്ട് നല്‍കില്ലെന്നും പഞ്ചായത്ത് അധികൃതരും ഭരണസമിതിയും അറിയിച്ചിരുന്നു. കേസില്‍ മുനിസിപ്പാലിറ്റിക്ക് എതിരായി വിധിവരാനുള്ള പ്രധാന കാരണം കഴിഞ്ഞ ഭരണ സമിതിയില്‍ ഉന്നതരുടെ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ അംഗമായിരുന്ന എം രജീഷ് പറഞ്ഞു.

Latest