Connect with us

National

മഴ ശമിച്ചു; ചെന്നൈ നഗരം വെള്ളത്തില്‍ തന്നെ; മരണം 269; 1000 കോടി രൂപ കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള ദുരിതം തുടരുന്നു. കനത്ത മഴക്ക് ശമനമായെങ്കിലും പ്രളയത്തില്‍ നാടും നഗരവും മുങ്ങിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ ദുരിതക്കടലിലാണ്. 269 പേര്‍ ഇതുവരെ മരിച്ചതായാണ് കണക്ക്. ഇന്ന് രാവിലെ വീണ്ടും മഴയെത്തിയത് ആശങ്കയ്ക്കിടയാക്കിയെങ്കിലും കൂടുതല്‍ ശക്തമാകാതെ മഴ ശമിച്ചത് ആശ്വാസമായി. നദികള്‍ അപകടകരമായ രീതീയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇലക്ട്രിക്, വാര്‍ത്താവിനിമയ ബന്ധങ്ങളും റോഡ്, റെയില്‍, വ്യോമ ഗതാഗതവും താറുമാറായി. അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി നാവികസേനയുടെ ഐ എന്‍ എസ് എയര്‍വാറ്റ് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 20 നീന്തല്‍വിധഗ്ധരും 15 ബോട്ടുകളും ഈ കപ്പലിലുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ചെന്നൈയിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി 1000 കോടിയുടെ കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചു. നേരത്തെ നല്‍കിയ 940 കോടിക്കു പുറമേയാണിത്.

കഴിഞ്ഞ രാത്രി മഴക്ക് ശമനമായെങ്കിലും പ്രളയം ജനജീവിതം ദുരിതമയമാക്കിയിരിക്കുകയാണ്. അവസാന 24 മണിക്കൂറില്‍ 49 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ രേഖപ്പെടുത്തിയത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നുവിട്ടു. ചിറ്റൂര്‍ പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ആളിയാര്‍ ഡാമിന് മുകളിലൂടെയുള്ള സൈദാപേട്ട് പാലം അടച്ചിട്ടിരിക്കുകയാണ്. 25ല്‍ അധികം തടാകങ്ങള്‍ ഉള്‍ക്കൊള്ളാവുന്നതിലധികം വെള്ളവുമായി നിറഞ്ഞൊഴുകുകയാണ്.

chennai-rain

ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടില്ല. ഈ മാസം ആറ് വരെ വിമാനത്താവളം അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. അറക്കോണത്തെ രാജാലി സൈനിക വിമാനത്താവളത്തില്‍ നിന്നാണ് ഇപ്പോള്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഗതാഗതവും താളംതെറ്റിയിട്ടുണ്ട്. കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളടക്കം പലതും അവസാന നിമിഷം റദ്ദാക്കിയതു യാത്രക്കാരെ വലച്ചു. മൂന്നു ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കിയാല്‍ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു.

കര, വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 15 സംഘങ്ങളായി 60 ദുരന്ത നിവാരണ സേനാ അംഗങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനിടെ നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദുരിതബാധിതര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ചെന്നൈയിലെ വീട്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചതിന് പുറമേ സഹായത്തിനായി വിളിക്കാവുന്ന 20 പേരുടെ വിവരങ്ങള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.