Connect with us

Kerala

ഷോപ്പിംഗ് മാളുകളില്‍ തൊഴില്‍ ചൂഷണം വ്യാപകം; കര്‍ശന നടപടിയെന്ന് തൊഴില്‍ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റില്‍ ഭേദഗതി വരുത്തിയിട്ടും ഷോപ്പിംഗ് മാളുകളിലെ തൊഴില്‍ ചൂഷണം വര്‍ധിക്കുന്നതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ഇവിടങ്ങളില്‍ റസ്റ്റ് റൂം, ക്രഷ് എന്നിവ സ്ഥാപിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് മതിയായ വിശ്രമം നല്‍കണം എന്നാണു ചട്ടം. ഇതു പാലിക്കാത്ത മാളുകള്‍ക്കെതിരെ നടപടിയുണ്ടാകും. ചെറുകിട വസ്ത്രവ്യാപാര ശാലകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കു മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. താരതമ്യേന തൊഴില്‍ ചൂഷണം കുറവാണെന്നു വിലയിരുത്തപ്പെട്ട ഐ ടി മേഖലയില്‍ പോലും തൊഴില്‍ ചൂഷണം വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ക്കു ബേങ്കിലൂടെ ശമ്പളം ഉറപ്പാക്കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തോട് പല ഐ ടി കമ്പനികളും വിമുഖതകാട്ടുന്നു. ഇവരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സഹകരണമുണ്ടായില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
തൊഴില്‍ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണ്. ഇതു മറികടക്കാന്‍ സംസ്ഥാന സര്‍ക്കാറിനാകില്ല. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കും. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ രൂപവത്കരിച്ച തൊഴില്‍ പരിഷ്‌കരണ സമിതി ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ക്ക് അര്‍ഹമായ മിനിമം വേതനം നല്‍കാതെ മാനേജ്‌മെന്റുകള്‍ കളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പ്രാരംഭഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതോടെ ഇതു തടയാനാകുമെന്നും മന്ത്രി പറഞ്ഞു. നഴ്‌സുമാര്‍ക്കു ജോലി വാഗ്ദാനം ചെയ്ത് 50ഓളം വിദേശ സ്ഥാപനങ്ങള്‍ ഒഡെപെകിനെ സമീപിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് സംവിധാനം വിപുലീകരിക്കാന്‍ ഒഡേപെകിന് 3.5 കോടി അനുവദിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ ഒഡേപെകിന്റെ ഓഫീസുകള്‍ തുറക്കും. 22 സ്ഥാപനങ്ങളിലേക്ക് 269 നഴ്‌സുമാരെ റിക്രൂട്ട് ചെയ്തു. 1200ലേറെ ഒഴിവുകള്‍ ഒഡേപെകില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലേക്കുള്ള നിയമന നടപടികള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. സഊദി അറേബ്യ, ഒമാന്‍, യു എ ഇ, ഖത്വര്‍ തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പിലേക്ക് നിയമനങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എമിഗ്രേഷന്‍ നിയമഭേദഗതി പ്രാബല്യത്തില്‍വരും മുമ്പ് വിദേശത്തു ജോലി ലഭിച്ചവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
തൊഴില്‍ നിയമങ്ങള്‍ നടപ്പാകുന്നു എന്നുറപ്പാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് രൂപവത്കരിക്കുന്നതിനു പ്രായോഗിക തടസ്സങ്ങളുണ്ടെന്നു സി ദിവാകരനെ മന്ത്രി അറിയിച്ചു. തൊഴില്‍ വകുപ്പിന്റെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണു പ്രധാന പ്രതിസന്ധി. സുപ്രീം കോടതിയുടെ വിധികളും ചില കാര്യങ്ങളില്‍ തടസ്സം നില്‍ക്കുന്നു. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം പൂര്‍ണമായും നടപ്പാക്കുന്നതോടെ തൊഴില്‍ ചൂഷണത്തിന് അറുതി വരുത്തനാകുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കു മിനിമം വേതനം ഉറപ്പാക്കുന്നതിനു സുപ്രീം കോടതി വിധി പ്രകാരം ചില പ്രായോഗിക തടസ്സങ്ങളുണ്ട്. പകരം അധ്യാപകരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും മാന്യമായ വേതനം ഉറപ്പാക്കുന്നതിന് മിനിമം വേജസ് അഷ്വറന്‍സ് ബില്‍ കൊണ്ടുവരുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉള്‍പ്പെടെ എല്ലാ ക്ഷേമനിധി ബോര്‍ഡുകളും വൈകാതെ വന്‍ കടക്കെണിയിലേക്കു പോകുമെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷക തൊഴിലാളികള്‍ക്കു മാത്രം 234.35 കോടി രൂപയാണ് കൊടുത്തു തീര്‍ക്കാനുള്ളത്. കര്‍ഷകതൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് 301598 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കാനുണ്ടെന്നും മന്ത്രി നിയമ സഭയില്‍ ബോധിപ്പിച്ചു.

Latest