ഖത്വര്‍ ഇടപെട്ടു; 16 ലബനീസ് സൈനികര്‍ക്ക് മോചനം

Posted on: December 2, 2015 10:00 pm | Last updated: December 2, 2015 at 10:14 pm
അല്‍ നുസ്‌റ മോചിപ്പിച്ച സൈനികരെ ലബനോന്‍ അതിര്‍ത്തിയില്‍ വെച്ച് സൈനികരും ജനങ്ങളും സ്വീകരിക്കുന്നു
അല്‍ നുസ്‌റ മോചിപ്പിച്ച സൈനികരെ ലബനോന്‍ അതിര്‍ത്തിയില്‍ വെച്ച് സൈനികരും ജനങ്ങളും സ്വീകരിക്കുന്നു

ദോഹ: ഖത്വറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ 16 ലബനീസ് സൈനികരെ അല്‍ നുസ്‌റ മോചിപ്പിച്ചു. 2014 ആഗസ്റ്റില്‍ ജറോദ് അര്‍സലില്‍ നിന്നാണ് ലബനീസ് സൈനികരെ അല്‍ നുസ്‌റ പിടികൂടിയത്. 17 സ്ത്രീകളും കുട്ടികളുമടക്കം 25 തടവുകാരെ മോചിപ്പിച്ചതിന് പകരമായാണ് സൈനികരെ വിട്ടയച്ചത്. ലബനീസ് സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് മാധ്യസ്ഥ്യം വഹിക്കാന്‍ ഖത്വര്‍ തയ്യാറായത്.
അര്‍സലിലെ പ്രാന്തപ്രദേശത്ത് തടവുകാരെയും സൈനികരെയും പരസ്പരം കൈമാറുകയായിരുന്നു. നല്ല രീതിയിലാണ് തങ്ങളോട് പെരുമാറിയതെന്നും മോചനത്തില്‍ വലിയ സന്തോഷമുണ്ടെന്നും സൈനികര്‍ പ്രതികരിച്ചു. കരാറിലെ വ്യവസ്ഥ പ്രകാരം, ഈയടുത്ത് അല്‍ നുസ്‌റ സൈനികന്‍ മുഹമ്മദ് ഹാമിയയുടെ മയ്യിത്ത് ലബനീസ് റെഡ് ക്രോസ് സ്വീകരിച്ചു. ഖത്വര്‍ വിദേശകാര്യ മന്ത്രാലയവും മറ്റ് ഏജന്‍സികളും ലബനോണ്‍ ജനറല്‍ സെക്യൂരിറ്റിയുടെ സഹകരണത്തോടെ ശക്തമായ പരിശ്രമമാണ് നടത്തിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സമാധാനപരവും രാഷ്ട്രീയവുമായ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയെന്ന ഖത്വറിന്റെ ദര്‍ശനം കാരണമാണ് ഇത്തരം മാനവിക പദ്ധതികള്‍ വിജയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാനവിക, ധാര്‍മിക മൂല്യങ്ങളുടെ നേട്ടത്തില്‍ വിശ്വസിക്കുകയും സ്വതന്ത്രമായും അഭിമാനത്തോടെയും ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തോട് അങ്ങേയറ്റത്തെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതും കാരണമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നത്. പ്രസ്താവനയില്‍ പറയുന്നു.
സൈനികരുടെ മോചനത്തിന് പരിശ്രമിച്ച ഖത്വര്‍ അമീറിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും ലബനീസ് നീതിന്യായ മന്ത്രി അശ്‌റഫ് രിഫി നന്ദി പറഞ്ഞു. സഹായിച്ച എല്ലാവര്‍ക്കും ലബനീസ് ജനറല്‍ ഡയറക്ടറേറ്റും നന്ദി അറിയിച്ചു.
ലബനീസ് അതിര്‍ത്തി നഗരമായ അര്‍സലില്‍ അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ നുസ്‌റയും ഐ എസും 2014 ആഗസ്റ്റില്‍ നടത്തിയ ആക്രമണത്തിലാണ് വിട്ടയച്ച 16 പേരടക്കം 37 സൈനികരെ പിടികൂടിയത്. രണ്ട് വീതം പേരെ അല്‍ നുസ്‌റയും ഐ എസും വധിച്ചു. എട്ട് പേരെ മുമ്പ് വിട്ടയച്ചിരുന്നു. ആക്രമണത്തിലുണ്ടായ പരുക്കിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ഐ എസ് കസ്റ്റഡിയില്‍ ഒമ്പത് ബന്ദികള്‍ ഇനിയുമുണ്ട്.