Connect with us

Gulf

യു എ ഇ എന്ന തന്ത്ര പ്രധാന രാജ്യം

Published

|

Last Updated

മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സുചിന്തിതമായ നയമാണ് യു എ ഇക്കുള്ളത്. ഭീകരതക്കെതിരെയും സിറിയയിലെ അടക്കം ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കെതിരെയും വിവേകപൂര്‍ണമായ നിലപാടാണ് വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രഖ്യാപിച്ചത്.
“”മധ്യപൗരസ്ത്യ ദേശത്തിന്റഎ മാത്രം പ്രശ്‌നമല്ല, തീവ്രവാദം. ലോകമാകെ ഇതിന്റെ വെല്ലുവിളി നേരിടുന്നു. അതുകൊണ്ടുതന്നെ, ലോകരാജ്യങ്ങള്‍ക്കൊപ്പം നിന്ന് ഭീകരതയെ നേരിടുകയാണ് ഉചിതം. ഭീകര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയാനുള്ള നടപടിയാണ് ആദ്യം വേണ്ടത്.ഇസ്‌ലാമിനെ ഹൈജാക്ക് ചെയ്യാന്‍ തീവ്രവാദ പ്രത്യയ ശാസ്ത്രങ്ങളെ (തക്ഫീരി) അനുവദിക്കാന്‍ പാടില്ല. മുസ്‌ലിം ബ്രദര്‍ഹുഡ് തക്ഫീരി സംഘമാണ്. അതുകൊണ്ടാണ്, അവരെ ഭീകരരുടെ പട്ടികയില്‍ ചേര്‍ത്തത്.
സിറിയയില്‍ രാഷ്ട്രീയമാറ്റം അനിവാര്യമാണ്. അവിടെ മൂന്നു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ബശാര്‍ അല്‍ അസദിന്റെ നേതൃത്വം പരാജയമാണ്. അതേ സമയം, ഭരണമാറ്റം നടത്തുമ്പോള്‍ സിറിയ ഛിന്നഭിന്നമാകാന്‍ പാടില്ല””- ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി.
യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന് യു എ ഇ പ്രത്യക്ഷത്തില്‍ ഇടപെടുന്നുണ്ട്. വ്യവസ്ഥാപിത ഭരണകൂടത്തിനുമാത്രമേ യമനെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ, ആ തിരിച്ചറിവില്‍ സഊദി അറേബ്യയുമായി ചേര്‍ന്ന് അവിടെയുള്ള തീവ്രവാദികളെ തുരത്താന്‍ യു എ ഇ സൈന്യം ധീരമായ നീക്കം നടത്തുന്നു.
യു എ ഇയുടെ സമീപരാജ്യമാണ് യമന്‍. നൂറ്റാണ്ടുകളായി സാംസ്‌കാരികമായും വാണിജ്യപരമായും ഇഴയടുപ്പമുണ്ട്. പക്ഷേ ഇറാന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഹൂത്തി തീവ്രവാദികള്‍ ശ്രമിക്കുന്നത്, യു എ ഇക്കടക്കം ഭീഷണി. ഹൂത്തി തീവ്രവാദികള്‍ വിജയിച്ചാല്‍ ദൂരവ്യാപക പ്രത്യാഘാതമാണ് സംഭവിക്കുക. അത് മുന്നില്‍ കണ്ടാണ്, യു എ ഇ ഇത്രമാത്രം ത്യാഗം സഹിക്കുന്നത്. യു എ ഇയുടെ ഇത്തവണത്തെ ദേശീയ ദിനത്തിന് ഏറെ സവിശേഷതകളുണ്ട്. രാജ്യത്തിനുവേണ്ടി അനേകം പേര്‍ ധീരരക്തസാക്ഷിത്വം വരിച്ച വര്‍ഷമാണ് കടന്നുപോയത്. അവരെ ഓര്‍ക്കുന്നതിന്, അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് ഭരണകൂടം വലിയ പ്രാധാന്യം നല്‍കി. അവര്‍ക്കുവേണ്ടിഅബുദാബിയില്‍ നിത്യസ്മാരകം ഒരുങ്ങുകയാണ്.
പാശ്ചാത്യ, പൗരസ്ത്യ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കാന്‍ കെല്‍പുള്ളതും ഭൂമിശാസ്ത്രപരമായി അനുയോജ്യമായതുമായ രാജ്യമാണിത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റഎ വികസനം ദ്രുതഗതിയിലായത് വെറുതെയല്ല. 200ഓളം രാജ്യക്കാര്‍ ഇവിടെ എത്തിപ്പെട്ടത് സ്വാഭാവികം. അത്തരമൊരു രാജ്യം സുഭദ്രമായിരിക്കും.