സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലയില്‍

Posted on: December 2, 2015 5:26 pm | Last updated: December 2, 2015 at 5:26 pm

gold barദുബൈ: അടുത്ത കാലത്തൊന്നുമില്ലാത്ത വിധം സ്വര്‍ണ വില ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ദുബൈ കമ്പോളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വില ക്രമാതീതമായി ഇടിഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തിയിരിക്കുന്നതെന്നായിരുന്നു കമ്പോളത്തിലുള്ളവര്‍ വ്യക്തമാക്കിയതെങ്കിലും 2008 സെപ്തംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലേക്കാണ് സ്വര്‍ണ വില ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന് എക്‌സ്‌ചേഞ്ച് ട്രയ്ഡഡ് ഫണ്ടിന്റെ എസ് പി ഡി ആര്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഗ്രാമിന് കുറഞ്ഞത് 12 ദിര്‍ഹത്തോളമാണ്. അമേരിക്കന്‍ സമ്പദ്ഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിയാത്മകമായ മാറ്റങ്ങളാണ് വിലയിടിവിന് ഇടയാക്കിയിരിക്കുന്നത്. ഫെഡറല്‍ റിസേര്‍വിന് ഈ മാസം പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് വിനയായിരിക്കുന്നത്.
ദുബൈയിലെ ജ്വല്ലറികളില്‍ 24 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 128.75 ആയിരുന്നു ഇന്നലെ രാവിലത്തെ വില. തിങ്കളാഴ്ച ഇത് 128 ആയിരുന്നു. 22 ക്യാരറ്റിന് ഇന്നലത്തെ വില 122 ദിര്‍ഹമാണ്. തിങ്കളാഴ്ച 121.25 വരെ താഴ്ന്നിരുന്നു. 21 ക്യാരറ്റിന് ഇന്നലെ രാവിലെ 116.75 ആയിരുന്നെങ്കില്‍ തിങ്കളാഴ്ച 116 മാത്രമായിരുന്നു. 18 ക്യാരറ്റിന് ഇത് യഥാക്രമം 100.25ഉം 99.50 ആയിരുന്നു. ഒക്ടോബര്‍ മാസം 21ന് 22 ക്യാരറ്റ് ഗ്രാമിന് 141.50 ആയിരുന്നു.
അമേരിക്കന്‍ ഡോളര്‍ എട്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. സ്വര്‍ണത്തിനൊപ്പം വെള്ളിയും തിരിച്ചടി നേരിടുകയാണ്. വെള്ളിയുടെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മോശം മാസമായി മാറിയിരിക്കയാണ് ഡിസംബര്‍. 10 ശതമാനത്തോളമാണ് വെള്ളിയുടെ വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. പ്ലാറ്റിനം വിഭാഗത്തില്‍പെട്ട മറ്റ് ലോഹങ്ങള്‍ക്കും വില കുത്തനെ ഇടിഞ്ഞിരിക്കയാണ്. പല്ലാഡിയത്തിന് 20 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഗ്രൂപ്പിലെ മറ്റൊരു ലോഹമായ പഌറ്റിനത്തിന് 16 ശതമാനം ഇടിവാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്.