Connect with us

National

ചെന്നൈയില്‍ നൂറ്റാണ്ടിലെ കനത്ത മഴ

Published

|

Last Updated

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴ പെയ്യുന്ന ചെന്നൈയില്‍ ജനജീവിതം ഏറെ ദുസ്സഹമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. രണ്ട് ലക്ഷത്തോളം ആളുകളെ കഴിഞ്ഞ ദിവസങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചു.
ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ മുതല്‍ വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 1,500 യാത്രക്കാര്‍ ഉള്‍പ്പെടെ 3,500 ഓളം ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ഞായറാഴ്ച മാത്രമേ നിര്‍ത്തിവെച്ച വിമാന സര്‍വീസ് പുനരാരംഭിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ അടക്കമുള്ള മറ്റ് ഗതാഗത സംവിധാനങ്ങളും താറുമാറായി. സബര്‍ബന്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കേരളത്തിലേക്കുള്ള നാലെണ്ണം ഉള്‍പ്പെടെ 50 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈ എഗ്മൂര്‍- തിരുവനന്തപുരം അനന്തപുരി എക്‌സ്പ്രസ്, ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്‌സപ്രസ് എന്നിവയും ഇവയുടെ മടക്ക സര്‍വീസുമാണ് റദ്ദാക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ടെലിഫോണ്‍, എ ടി എം സംവിധാനങ്ങളും താറുമാറായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ചെന്നൈ ഇന്‍ഫോടെക് ഹബ്ബും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂട്ടി. ഇന്‍ഫോസിസ് അടക്കമുള്ള ഐ ടി കമ്പനികള്‍ ഈ ഹബ്ബിലാണ് പ്രവര്‍ത്തിക്കുന്നത്.
അടുത്ത എഴ് ദിവസങ്ങള്‍ തമിഴ്‌നാട്ടിന് അതീവ നിര്‍ണായകമാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) ഡയരക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാത്തോര്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തെക്കുപടിഞ്ഞാറായി ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലനില്‍ക്കുന്ന ന്യൂനമര്‍ദം വരുന്ന മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് ഇടയാക്കും. പിന്നാലെ വരുന്ന ആന്റി സൈക്ലോണ്‍ പ്രതിഭാസം ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും ഇത് കാരണം തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുമെന്നും റാത്തോര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ഗൂഡല്ലൂര്‍, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ എസ് ആര്‍ രമണനും പറഞ്ഞു.
ചെന്നൈയുടെ നഗരപ്രാന്തങ്ങളായ തംബരം, ചെമ്പരമ്പാക്കം എന്നിവിടങ്ങളില്‍ ഇന്നലെ കനത്ത മഴ രേഖപ്പെടുത്തി. യഥാക്രമം 49, 47 സെന്റീമീറ്റര്‍ മഴയാണ് ഈ നഗരങ്ങളില്‍ പെയ്തത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ ചെന്നൈയില്‍ 29 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ചെമ്പരമ്പാക്കം റിസര്‍വോയര്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് അഡയാര്‍ നദി കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്ക ഭീതി നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്കം കാരണം ജനജീവിതം സ്തംഭിച്ച ചെന്നൈയിലും നഗരപ്രാന്തങ്ങളിലും ദേശീയ ദുരന്ത നിവാരണ സേന 600 പ്രവര്‍ത്തകരും 40 ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ബോട്ടുകളിലെത്തി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് നാവിക സേനയും അറിയിച്ചു. നാവിക സേനയുടെ ഏഴ് ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

Latest