ഭോപ്പാല്‍ ദുരന്തത്തിന് 31 വര്‍ഷം: നീതി ലഭിച്ചില്ല; ഇരകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: December 2, 2015 6:07 am | Last updated: December 2, 2015 at 11:18 am

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 100

ന്യൂഡല്‍ഹി; മുപ്പത്തിയൊന്ന് വര്‍ഷം പിന്നിട്ടിട്ടും നീതി ലഭ്യമാകാത്ത ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ കേന്ദ്രസര്‍ക്കാറിനെതിരെ സമരത്തിന് തയ്യാറെടുക്കുന്നു. ഇരകളെ സംഘടിപ്പിച്ച് ഭോപ്പാല്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നരേന്ദ്രമോദി സര്‍ക്കാറും നീതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാറും ബി ജെ പി സര്‍ക്കാറും ഓരേ നിലപാടാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. അവര്‍ക്ക് ഇരകളെ സംരക്ഷിക്കുകയെന്നതല്ല മറിച്ച് കമ്പനിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് പ്രധാന കാര്യമെന്നും സമരത്തിനിറങ്ങുന്ന സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാറോ യു എസ് സര്‍ക്കാറോ ദുരന്തത്തിന് ഉത്തരവാദിയായ യുനിയന്‍ കാര്‍ബൈഡ് കമ്പനിയോ ഇരകളുടെ പുനരധിവാസത്തിനാവശ്യമായ ഒന്നും ചെയ്യുന്നില്ല. ബി ജി ഇ എ സ്ഥാപക നേതാവ് സത്യനാഥ് സാരാഗ് പറഞ്ഞു. അധികാരികള്‍ ഇവിടെ വന്ന് ഇതു കാണാന്‍ തയ്യാറാകണം. ഏകദേശം 0.15 ദശലക്ഷം പേര്‍ ദുരന്തത്തിന്റെ ഇരകളായി ഇന്നും രോഗം പിടിപെട്ടു കിടപ്പിലാണ്. ദുരന്ത സമയത്ത് അഞ്ചോ ആറോ വയസ്സുണ്ടായിരുന്നവരാണ് ഇവരില്‍ പലരും. ഇവര്‍ക്ക് നീതി ലഭ്യമാകുന്നതുവരെ ഇവരോടൊപ്പം പോരാടാന്‍ തങ്ങളുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ വിഷമയമായ വേസ്റ്റുകള്‍ ഇപ്പോഴും പരിസരത്തെ വെള്ളവും മണ്ണും മലിനമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കമ്പനിയുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
1984 ഡിസംബര്‍ മൂന്നിനാണ് യു എസ് കമ്പനിയായ യൂനിയന്‍ കാര്‍ബൈ ഡ് കോര്‍പറേഷനിലെ വിഷവാതകം ചോര്‍ന്ന് ദുരന്തം സംഭവിച്ചത്. 5,295 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ മാറാരോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്തു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സൂപ്രീം കോടതി വിധിച്ചിരുന്നെങ്കിലും കമ്പനി ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.