താമരശ്ശേരിയില്‍ ബസിനടിയില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു

Posted on: December 1, 2015 8:11 pm | Last updated: December 1, 2015 at 8:27 pm

താമരശ്ശേരി: ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ്സിനടയില്‍പെട്ട് മരിച്ചു. കട്ടിപ്പാറ ചമല്‍ നിര്‍മല യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പെരുമ്പള്ളി മലയില്‍ അബ്ദുല്‍ നാസര്‍ മുസ്ലിയാരുടെ മകനുമായ മുഹമ്മദ് റാഷിദ്(12) ആണ് മരിച്ചത്. ഇന്ന്‌ വൈകിട്ട് മൂന്നരയോടെ ചമല്‍ ചുണ്ടേന്‍കുഴിയിലായിരുന്നു അപകടം. സ്‌കൂളില്‍നിന്നും മടങ്ങവെ ഇതുവഴി വന്ന സുഹൃത്തിന്റെ ബൈക്കില്‍കയറിയതായിരുന്നു റാഷിദ്. കട്ടിപ്പാറയില്‍ നടക്കുന്ന താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളേയുമായി മടങ്ങുകയായിരുന്ന കോടഞ്ചേരി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ബസ്സിനെ മറി കടക്കുന്നതിനിടെ ബസ്സ് ബൈക്കിലിടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് തെറിച്ചു വീണ റാഷിദിന്റെ ദേഹത്തുകൂടെ ബസ്സ് കയറിയിങ്ങിയതായി സംശയിക്കുന്നു. യാത്രക്കാരും നാട്ടുകാരും ഓടിയെത്തി താരമശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഹൃത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരുമ്പള്ളി യൂണിറ്റ് എസ് ബി എസ് ജോ. സെക്രട്ടറിയാണ് മരിച്ച റാഷിദ്. മാതാവ്: നസീറ. സഹോദരങ്ങള്‍: ത്വാഹിറ നസ്‌ലി, ത്വഹാനി, തൗഫില. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയോടെ എലോക്കര ജുമുഅ മസ്ജിദില്‍.