പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യ

Posted on: December 1, 2015 5:58 am | Last updated: November 30, 2015 at 8:44 pm

പോലീസ് നേതൃത്വത്തിന്റെ ധൃതി പിടിച്ച നടപടി മികച്ച ഒരു കീഴുദ്യോഗസ്ഥന്റെ ആത്മഹത്യക്ക് വഴിവെച്ച സംഭവം വ്യാപകമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റായ വിദ്യാര്‍ഥിനിക്ക് ആരോ കൈമാറിയ അശ്ലീല ചിത്രം അന്വേഷണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥന് കൈമാറുന്നതിനിടെയാണ് നടക്കാവിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ പി ഷാജി നൂറോളം പേരടങ്ങുന്ന ഒരു വാര്‍ട്‌സ് ഗ്രൂപ്പിന് അബദ്ധത്തില്‍ അയച്ചത്. ഷാജിയുടെ ഫോണില്‍ നിന്ന് ചിത്രം കുട്ടികളും സ്ത്രീകളും അടങ്ങുന്ന പ്രമുഖ ഗ്രുപ്പിലേക്കു പോയ വിവരം താമസിയാതെ അസി. കമ്മീഷണര്‍, മേലുദ്യോഗസ്ഥനെ അറിയിച്ചു. മൊബൈല്‍ ടച്ച്‌സ്‌ക്രീന്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് ഷാജിക്ക് സംഭവിച്ചതെന്നും, മനഃപൂര്‍വമല്ല അശ്ലീല ചിത്രം അയച്ചതെന്നും കമ്മീഷണര്‍ക്ക് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായാണ് വിവരം. എന്നിട്ടും കമ്മീഷണര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ വാര്‍ത്ത നിമിഷങ്ങള്‍ക്കകം ചാനലുകളിലെത്തി. ഇത്തരം വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രേക്ഷകരിലെത്തിക്കുന്നതിലാണ് തങ്ങളുടെ മിടുക്കെന്ന് വിശ്വസിക്കുന്നവരാണല്ലോ ഇന്നത്തെ ചാനലുകളും മാധ്യമങ്ങളും. ഇതായിരുന്നു ഷാജിയെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം.
പോലീസ് നേതൃത്വത്തെയും മാധ്യമങ്ങളെയും സമൂഹത്തെ തന്നെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ സംഭവം. അറിയപ്പെട്ടിടത്തോളം മികച്ച സര്‍വീസ് റെക്കോഡുള്ള ഉദ്യോഗസ്ഥനാണ് ഷാജി. സത്യസന്ധമായും കാര്യക്ഷമമായും സേവനമനുഷ്ഠിച്ചു വരുന്ന അദ്ദേഹം സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിലും (എസ് പി സി) പ്രവര്‍ത്തിക്കുന്നുണ്ട്. 14 വര്‍ഷത്തെ സേവനത്തിനിടയില്‍ ഒരു വിവാദത്തിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ സാക്ഷ്യം. ഇത്തരമൊരു വ്യക്തി ന്യായാധിപരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പില്‍ മനഃപൂര്‍വം അശ്ലീല ചിത്രം പോസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതും ഡി ഐ ജി പി വിജയന്‍, ജഡ്ജി ആര്‍ എല്‍ ബൈജു തുടങ്ങിയവര്‍ ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പില്‍. വഴിതെറ്റുന്ന ബാല്യങ്ങളെ നേര്‍ വഴിക്ക് നയിക്കുന്നതിനായി രൂപവത്കരിച്ച സന്നദ്ധ കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്. എന്നിട്ടും കൂടുതല്‍ അന്വേഷണത്തിന് മുതിരുകയോ, ഒരു താക്കീതില്‍ ഒതുക്കുകയോ ചെയ്യാതെ ഷാജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മേലുദ്യോഗസ്ഥന്‍ കാണിച്ച ധൃതി ന്യായീകരണമര്‍ഹിക്കുന്നതല്ല.
ഒരു പക്ഷേ മാധ്യമങ്ങളെ പേടിച്ചായിരിക്കണം അബദ്ധമാണെന്നറിഞ്ഞിട്ടും പെട്ടെന്ന് തന്നെ നടപടിയെടുത്തത്. ഇപ്പോള്‍ കമ്മീഷണറുടെ നടപടിക്ക് ധൃതികൂടിപ്പോയി എന്ന് കുറ്റപ്പെടുത്തുന്ന മാധ്യമങ്ങള്‍ തന്നെ, നടപടിക്ക് അല്‍പം താമസിച്ചിരുന്നുവെങ്കില്‍ അദ്ദേഹം കീഴുദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന മട്ടിലായിരിക്കും പ്രതികരിക്കുക. വളരെ സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തേണ്ട മേഖലയാണ് മാധ്യമ പ്രവത്തനമെങ്കിലും, സെന്‍സേഷന് വേണ്ടിയുള്ള കിടമത്സരത്തിനിടയില്‍ അതെല്ലാം വിസ്മരിക്കുകയാണ്. ഓരോ ചാനലും ഹോട്ട് ന്യൂസിന് വേണ്ടി പരക്കം പായുകയാണ്. അത് ലഭിക്കാതെ വരുമ്പോള്‍ ചെറുതും നിസ്സാരവുമായ സംഭവങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് വലിയ സംഭവങ്ങളാക്കി മാറ്റുന്നു. വസ്തുതയുടെ പിന്‍ബലമില്ലാതെ വാര്‍ത്തകള്‍ നല്‍കുക, കഴിയും വിധം വളച്ചൊടിക്കുക തുടര്‍ന്ന് മാന്യമല്ലാത്ത രീതിയില്‍ അധിക്ഷേപിക്കുക; ഇത് ചില മാധ്യമങ്ങള്‍ക്കൊരു ഹോബിയാണ്. ആരെയെങ്കിലും താറടിച്ചു കാണിക്കുന്നതിലാണ് തങ്ങളുടെ കഴിവും മികവുമെന്ന മട്ടിലാണ് ചാനല്‍ വാര്‍ത്തകളിലെയും ചര്‍ച്ചകളിലെയും അവതാരകരുടെ പ്രകടനം.
അതീവ സൂക്ഷ്മതയോടെയും വിവേകത്തോടെയുമായിരിക്കണം വാര്‍ട് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യേണ്ടതെന്ന വസ്തുതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട് ഈ സംഭവം. പത്രങ്ങളേക്കാളും ചാനലുകളേക്കാളും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടി വരികയാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍. ഇവയിലെ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഭവിഷ്യത്ത് ചിലപ്പോള്‍ ഭയാനകമായിരിക്കും. മറ്റൊരു വ്യക്തിക്കോ ഗ്രൂപ്പിനോ കൈമാറുന്ന വ്യാജമോ ശ്ലീലമല്ലാത്തതോ ആയ ഒരു മെസേജ് അനേകമായിരം പേരിലേക്കാണ് മിനിറ്റുകള്‍ക്കകം എത്തിച്ചിരുന്നത്. പിന്നീട് അത് തിരുത്താനോ പരിഹരിക്കാനോ സാധ്യമായെന്ന് വരില്ല. ടച്ച് സ്‌ക്രീന്‍ മൊബൈല്‍ കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. മോശം മെസേജുകള്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്താലും മനഃപൂര്‍വമാണെന്നായിരിക്കും മറ്റുള്ളവര്‍ ധരിക്കുന്നത്. ഷാജിയുടെ പോസ്റ്റിനെക്കുറിച്ചു അങ്ങനെ തെറ്റിദ്ധരിച്ച ഗ്രൂപ്പിലെ വിദ്യാര്‍ഥിനിയുടെ അമ്മ ഉന്നത ഓഫീസറെ വിളിച്ച് പരാതിപ്പെട്ടതോടെയാണ് ഇത് വിവാദമാകുന്നതും ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിക്കുന്നതും. ‘ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന്റെ സത്യാവസ്ഥ എന്നോടു ഫോണിലെങ്കിലും അന്വേഷിക്കാമായിരുന്നു സഹോദരാ…’ എന്ന് ആത്മഹത്യാ കുറിപ്പില്‍ ഷാജി എഴുതിയിട്ടുണ്ടത്രേ. ഗ്രൂപ്പ് അഡ്മിനിയെയും പോലീസ് മേധാവികളെയുമാണ് അദ്ദേഹം ലക്ഷ്യം വെച്ചതെങ്കിലും സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കും പത്ര, ചാനല്‍ പ്രവര്‍ത്തകര്‍ക്കും നേരെയും നീളുന്നില്ലേ ഈ ചോദ്യം?