മന്ത്രിയുമായി തര്‍ക്കിച്ചതിന് വനിതാ ഐ പി എസ് ഓഫീസറെ സ്ഥലം മാറ്റി

Posted on: November 28, 2015 11:50 pm | Last updated: November 28, 2015 at 11:50 pm
SHARE

SPചണ്ഡീഗഢ്: ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജുമായി തര്‍ക്കിച്ചതിന് ഫത്തേഹബാദ് എസ് പിയെ സ്ഥലമാറ്റി. ഫത്തേഹബാദിലെ വനിത പോലീസ് സൂപ്രണ്ട് സംഗീത കാലിയ ഐ പി എസിനെയാണ് ബി ജെ പി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. മനേസറിലെ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡന്റ് ആയാണ് സംഗീത കാലിയയെ സ്ഥലം മാറ്റിയത്.
ആരോഗ്യമന്ത്രി അനില്‍ വിജും എസ് പിയും തമ്മില്‍ വ്യാഴാഴ്ച ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് കൊമ്പുകോര്‍ത്തത്. ഇതേത്തുടര്‍ന്ന് ഫത്തേഹബാദ് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ എസ്പിയോട് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അനുസരിക്കാന്‍ അവര്‍ തയ്യാറായില്ല. അനില്‍ വിജിന്റെ ആക്രോശത്തെ അവഗണിച്ച് സംഗീത കാലിയ വേദിയില്‍ തന്നെ തുടര്‍ന്നതോടെ മന്ത്രി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. കാലിയ ഫത്തേഹബാദ് എസ് പി യായി തുടരുന്ന കാലത്തോളം താന്‍ ഒരു പരിപാടിക്കും ഇനിയെത്തില്ലെന്ന ഭീഷണിയോടെയിരുന്നു മന്ത്രിയുടെ ഇറങ്ങിപ്പോക്ക്.
ജില്ലയില്‍ നടക്കുന്ന അനധികൃത മദ്യവില്‍പ്പന സംബന്ധിച്ച മന്ത്രിയുടെ ചോദ്യമാണ് വാഗ്വാദത്തിന് കാരണമായത്. മദ്യവില്‍പ്പന തടയാന്‍ എന്ത് ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരത്തില്‍ മന്ത്രി തൃപ്തനായില്ല. 2,500 കേസുകള്‍ ഇതുവരെ രജി സ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുന്‍കാലത്തെക്കാളും മികച്ച രീതിയിലാണ് എക്‌സൈസ് കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. ഇതോടെയാണ് അനില്‍ വിജ് ക്ഷുഭിതനായത്.
സംഭവം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഇന്നലെ രാവിലെ തന്നെ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഓഫീസറെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
സംഭവത്തില്‍ വ്യാപക പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിജ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ ആവശ്യപ്പെട്ടു. വനിതാ ഓഫീസറോട് സംസാരിക്കുമ്പോള്‍ മന്ത്രി ഔചിത്യം പാലിക്കണമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. നിസ്സാര കാര്യത്തിന് വേണ്ടി അപരിഷ്‌കൃതമായാണ് മന്ത്രി പെരുമാറിയതെന്നും അല്‍പ്പം അന്തസ്സ് കാട്ടേണ്ടിയിരുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു.