സെക്‌സും പണവും ഉപയോഗപ്പെടുത്തി അമേരിക്ക നുഴഞ്ഞു കയറുന്നു: ഇറാന്‍

Posted on: November 27, 2015 6:00 am | Last updated: November 27, 2015 at 12:26 am
SHARE

iranടെഹ്‌റാന്‍: ഇറാന്റെ നേതാക്കളിലേക്ക് ലൈംഗികതയും പണവും പാശ്ചാത്യ ജീവിതരീതികളും ഉപയോഗിച്ച് അമേരിക്ക ചൂഴ്ന്നിറങ്ങുന്നതായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ. ആണവ കരാര്‍ നിലവില്‍ വന്ന ശേഷം പടിഞ്ഞാറന്‍ സംസ്‌കാരവും ജീവിതരീതിയും വന്‍ തോതില്‍ ഇറാനിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. ഇത് നുഴഞ്ഞ് കയറ്റമായാണ് ഇറാന്‍ കാണുന്നത്. ഈ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇറാന്‍ കഴിഞ്ഞ ദിവസം നിരവധി മാധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ഖംനാഇ ആഞ്ഞടിച്ചത്.
നുഴഞ്ഞുകയറ്റത്തിന് അവര്‍ ഉപയോഗിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന് ലൈംഗികതയും മറ്റൊന്ന് പണവും. ഇതുപയോഗിച്ച് വിശ്വാസത്തിലും കാഴ്ചപ്പാടിലും ജീവിതരീതികളിലും മാറ്റങ്ങള്‍ വരുത്താന്‍ നുഴഞ്ഞുകയറ്റക്കാര്‍ ശ്രമിക്കുന്നു. ഇവരുടെ കെണിയില്‍ കുടുങ്ങിയവര്‍ പിന്നീട് അമേരിക്കക്കാര്‍ ചിന്തിക്കുന്നത് പോലെയാണ് ചിന്തിക്കുന്നത്. ഇത്തരം നുഴഞ്ഞുകയറ്റക്കാരുടെ പ്രധാന ലക്ഷ്യം മുതിര്‍ന്ന നേതാക്കളെയാണ്. സ്വാധീനമുള്ളവരെയും അവര്‍ ലക്ഷ്യം വെക്കുന്നു. അതുകൊണ്ടാണ് നുഴഞ്ഞുകയറ്റം വലിയ അപകടമാണെന്ന് താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here