രോഗികളെ സഹായിക്കാന്‍ ശൈഖ് ഹംദാന്‍ കുതിരയെ ലേലം ചെയ്യുന്നു

Posted on: November 25, 2015 6:46 pm | Last updated: November 26, 2015 at 7:59 pm
SHARE

New Imageദുബൈ: രോഗികളെ സഹായിക്കാനായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വന്തം കുതിരയെ ലേലം ചെയ്യുന്നു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്ഥാപിച്ച ജീവകാരുണ്യ സംഘടനയായ അല്‍ ജലീല ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അധികം വൈകാതെ ലേലം നടക്കും. 300 വര്‍ഷം പഴക്കമുള്ള വിശുദ്ധ ഖുര്‍ആന്റെ കൈയെഴുത്തുപ്രതിയും ഇതോടൊപ്പം ഫൗണ്ടേഷന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ലേലം ചെയ്യും. ശൈഖ് മുഹമ്മദ് കുതിരയോട്ട മത്സരത്തില്‍ ഉപയോഗിച്ച ഹെല്‍മറ്റും ലേലം ചെയ്യുന്നുണ്ട്. അര്‍ബുദം, പ്രമേഹം, ഹൃദയ രോഗങ്ങള്‍, അമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരം രോഗങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനാണ് ലേലം സംഘടിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദിന്റെ പത്‌നിയും ദുബൈ ഹെല്‍ത് കെയര്‍ സിറ്റി അതോറിറ്റി മേധാവിയുമായ ശൈഖ ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ രാജകുമാരി ലേലവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബുക് ലെറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു രോഗത്തിന് മാത്രമായുള്ളതോ, ഒരൊറ്റ തവണ കൊണ്ട് അവസാനിപ്പിക്കേണ്ട പദ്ധതിയോ അല്ലെന്നും ശൈഖ ഹയാ വ്യക്തമാക്കുന്നു. മേഖലയില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്കെതിരായ ഗവേഷണങ്ങള്‍ക്കായാണ് ലേലം നടത്തുന്നതെന്ന് അല്‍ ജലീല ഫൗണ്ടേഷന്‍ സി ഇ ഒ ഡോ. അബ്ദുല്‍ കരീം സുല്‍ത്താനും വ്യക്തമാക്കി.