ഇന്‍സ്ട്രുമെന്റേഷന്റെ ഭാവി അനിശ്ചിതത്വത്തില്‍

Posted on: November 23, 2015 10:17 am | Last updated: November 23, 2015 at 10:17 am
SHARE

പാലക്കാട്:കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ കോട്ടയിലുള്ള മാതൃസ്ഥാപനം വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥാപനം തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ല.ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്ഥാപനവും കൈയൊഴിയുകയാണെന്ന സൂചന നല്‍കി കേന്ദ്രം മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇന്‍സ്ട്രുമെന്റേഷനെ സ്വതന്ത്രമാക്കുകയോ ഭെല്‍ പോലുള്ള സ്ഥാപനങ്ങളില്‍ ലയിപ്പിക്കുകയോ ചെയ്യണമെന്ന ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് വിപരീതമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സ്ഥാപനം ഏറ്റെടുക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ആരാഞ്ഞ് കേന്ദ്ര ഖനവ്യവസായ മന്ത്രി ആനന്ദ് ജി ഗീഥെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഭെല്ലില്‍ ലയിപ്പിക്കാനും മറ്റ് കമ്പനികളുമായി സംയുക്ത സംരംഭം നടത്താനും ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ലെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഉല്‍പ്പാദനം ആരംഭിച്ച കാലം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും കഴിഞ്ഞ പത്തുവര്‍ഷം 112 കോടിയിലധികം ലാഭമുണ്ടാക്കുകയും ചെയ്ത സ്ഥാപനമാണ് പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമയം ആവശ്യപ്പെട്ട് കമ്പനി സിഎം ഡി എം പി ഈശ്വര്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. പാലക്കാട് യൂണിറ്റിനെ സ്വതന്ത്രമായി നിലനില്‍ക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഈ വിഷയം പാലക്കാട് എംപി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടിയെടുക്കാതെ പുതിയ തീരുമാനവുമായി മുന്നോട്ടു പോവുകയാണ്. ഈ സാഹചര്യത്തില്‍ സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഭാവി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ളതും ഖനവ്യവസായ വകുപ്പിന് പാട്ടത്തിന് നല്‍കിയതുമായ 122 ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ കമ്പനി നിലനില്‍ക്കുന്നത്. പാലക്കാട് യൂനിറ്റ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സംയുക്ത സംരം’മാക്കുകയോ സംസ്ഥാനം ഏറ്റെടുക്കുകയോ ചെയ്യണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഇതിന്റെ ഭാഗമായി എം ചന്ദ്രന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഇന്‍സ്ട്രുമെന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(ഐ ഡബ്ല്യുയു സി ഐ ടി യു), ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(ഐ ഇ യു), ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. വിഷയത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, എം ബി രാജേഷ് എംപി, സംഘടനാ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വ്യവസായ മന്ത്രി യോഗം വിളിക്കണമെന്ന് എം ചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
ഐഡബ്ല്യുയു പ്രതിനിധികളായ എം പ്രേമന്‍, ആര്‍ വിനോദ്കുമാര്‍, ഡി രാധാകൃഷ്ണന്‍, ഐഇയു പ്രതിനിധികളായ വല്ലപ്പുഴ ഉണ്ണികൃഷ്ണന്‍, ആര്‍ ഗോകുല്‍ദാസ്, പ്രദീപ്കുമാര്‍, സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ഇ ജയചന്ദ്രന്‍, കെ എന്‍ മോഹന്‍രാജ് എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here