സമുദായ സംഘടനകള്‍ പിന്തുണച്ചില്ല; സമത്വ മുന്നേറ്റ യാത്ര വഴിപാടാകും

Posted on: November 23, 2015 4:17 am | Last updated: November 22, 2015 at 11:21 pm

vellappallyആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന്റെ മുന്നോടിയായി ഇന്ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രക്ക് ഹിന്ദു സമുദായ സംഘടനകളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. നായാടി മുതല്‍ നമ്പൂതിരി വരെ ഹൈന്ദവ സമുദായങ്ങളുടെ ഏകീകരണം ലക്ഷ്യമാക്കിയാണ് യാത്ര നടത്തുന്നതെന്ന് തുടക്കത്തില്‍ തന്നെ വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്നാക്ക വിഭാഗത്തിലെ പ്രബല സമുദായമായ എന്‍ എസ് എസ് അടക്കമുള്ളവരുടെയോ 169 ഓളം വരുന്ന പിന്നാക്ക സമുദായങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെയോ ഏതെങ്കിലും ദളിത് സംഘടനകളുടെയോ പിന്തുണ ഉറപ്പാക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടില്ല.
സമത്വ മുന്നേറ്റ യാത്രയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ യൂനിയന്‍ പര്യടനത്തിനും തണുത്ത പ്രതികരണമായിരുന്നു. ചിലയിടങ്ങളില്‍ മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ സമുദായാംഗങ്ങളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് നേരിടേണ്ടി വരികയും തുടര്‍ന്ന് യോഗം പിരിച്ചുവിടേണ്ട സ്ഥിതിയുമുണ്ടായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറെ കൊട്ടി ഘോഷിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് പോലും യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിയാതിരുന്നതും തിരിച്ചടിയായി. തന്നെയുമല്ല, എസ് എന്‍ ഡി പിയുമായി സഖ്യമുണ്ടാക്കിയ ബി ജെ പിക്കും പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതിരുന്നതിന്റെ പേരില്‍ അവരില്‍ നിന്നും പഴി കേള്‍ക്കേണ്ടി വന്നു.
സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ആര്‍ എസ് എസിന്റെ അജന്‍ഡ എസ് എന്‍ ഡി പിയിലൂടെ നടപ്പാക്കുകയാണെന്നും അതിന്റെ ഭാഗമായാണ് സമത്വ മുന്നേറ്റയാത്രയെന്നും ഇതിനകം തന്നെ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് ഹിന്ദുസമുദായ സംഘടനകളൊന്നും വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രക്ക് പിന്തുണ നല്‍കാത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യോഗ ക്ഷേമസഭ, കെ പി എം എസിലെ ഏതാനും പേര്‍ എന്നിവ ഒഴിച്ചാല്‍ ആരും തന്നെ വെള്ളാപ്പള്ളിയുടെ യാത്രയെ അനുകൂലിക്കുന്നില്ല. സാമുദായിക സംവരണം നിലവിലുള്ള രാജ്യത്ത് അതിനെ എതിര്‍ക്കുന്ന സവര്‍ണ സമുദായങ്ങളുമായി ഐക്യമുണ്ടാക്കുന്നത് കൊണ്ട് എന്ത് നേട്ടമാണുണ്ടാകുകയെന്ന് പിന്നാക്ക സമുദായ നേതൃത്വങ്ങള്‍ ചോദിക്കുന്നു.
അതേസമയം, സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനായി പ്രക്ഷോഭ രംഗത്തിറങ്ങുമെങ്കില്‍ ഐക്യമാകാമെന്ന് ചില മുന്നാക്ക സംഘടനകളും വ്യക്തമാക്കുന്നു. എന്നാല്‍, സംവരണം വിഷയമാക്കുന്നതിനെ ആര്‍ എസ് എസ് എതിര്‍ക്കുകയാണ്. ഇത്തരം വൈരുധ്യങ്ങള്‍ക്കിടെ സമത്വ മുന്നേറ്റ യാത്ര കൊണ്ട് വെള്ളാപ്പള്ളിയും കുടുംബവും എന്ത് നേട്ടമാണ് സമുദായത്തിന് നേടിക്കൊടുക്കുകയെന്ന് ഭുരിപക്ഷം സമുദായാംഗങ്ങളും ചോദിക്കുന്നു.
സമത്വ മുന്നേറ്റ യാത്ര കേരളത്തില്‍ ഒരു ചലനവുമുണ്ടാക്കില്ലെങ്കിലും വര്‍ഗീയ ധ്രുവീകരണത്തിന് വഴിമരുന്നിടുമെന്ന ആശങ്ക പൊതുവെ ഉണ്ട്. ഇതിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി പി എം യുവജന സംഘടനയായ ഡി വൈ എഫ് ഐ സെക്യുലര്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. തെക്ക് നിന്നും വടക്കു നിന്നും രണ്ട് ജാഥകളാണ് ആരംഭിച്ചിട്ടുള്ളത്. സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത് അടുത്ത മാസം അഞ്ചിനാണ്. അതേദിവസം തന്നെയാണ് ഡി വൈ എഫ് ഐയുടെ സെക്യുലര്‍ മാര്‍ച്ച് കൊച്ചിയില്‍ സമാപിക്കുന്നത്.